വാഷിങ്ടൺ: അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായി. ഹോർമുസ് കടലിടുക്കിന് സമീപം തുടർച്ചയായ നാലാം ദിവസവും അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചതനുസരിച്ച്, യുദ്ധവിമാനങ്ങളും ഡ്രോണുകളും നാവികസേനാ കപ്പലുകളും പങ്കെടുത്ത ഏഴ് മണിക്കൂർ നീണ്ട ആക്രമണത്തിൽ ഹോർമുസ് കടലിടുക്കിന് സമീപത്തെ മിസൈൽ, ഡ്രോൺ താവളങ്ങൾ, നാവിക കേന്ദ്രങ്ങൾ, തീരപ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടു. ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള നാവിക ഉപരോധവും വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇതിനിടെ, ബഹ്റൈനിലെ അമേരിക്കൻ അഞ്ചാം നാവികസേനയുടെ ആസ്ഥാനവും കുവൈത്തിലെ അമേരിക്കൻ സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രവും ജോർദാനിലെ അസ്‌റാഖ് വ്യോമതാവളത്തിലെ എഫ്-18 യുദ്ധവിമാന ഹാംഗറുകളും ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
“അമേരിക്കയുടെ ആക്രമണം അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടും” എന്നും ഐആർജിസി പ്രഖ്യാപിച്ചു. ഇറാനുമായി ബന്ധമുള്ള സായുധസംഘടനകളെ നിരായുധരാക്കണമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാഖിനോട് ആവശ്യപ്പെട്ടു. അതേസമയം, ഇറാൻ സെൻട്രൽ ബാങ്കുമായി ബന്ധപ്പെട്ട 130 ദശലക്ഷം ഡോളറിലേറെ വിലമതിക്കുന്ന ക്രിപ്റ്റോ ആസ്തികൾ മരവിപ്പിച്ചതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റും അറിയിച്ചു.
സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര എണ്ണവിലയും കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 86.19 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 80.40 ഡോളറിലുമെത്തി.”അടുത്ത ആഴ്ച ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കും. അവർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ആക്രമണം തുടരും. മതി എന്ന് ഞാൻ പറയുന്നതുവരെ സൈനിക നടപടി അവസാനിക്കില്ലെന്നും ഫോക്സ് ന്യൂസിനോട് ട്രംപ് പ്രതികരിച്ചു.
Trump’s ‘knock out’ warning to Iran, US bases targeted in the Gulf as war escalates













