ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചതിന് പിന്നാലെ അമേരിക്കയും സഖ്യരാജ്യങ്ങളും ഉപയോഗിക്കുന്ന മറ്റ് പ്രധാന സമുദ്ര വ്യാപാരപാതകളും അടച്ചിടുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കയുടെ നാവിക ഉപരോധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പുതിയ ഭീഷണി മുഴക്കിയത്. “മേഖലയിലെ ഊർജ കയറ്റുമതിയുടെ പ്രയോജനം എല്ലാവർക്കും ലഭിക്കണം. അല്ലെങ്കിൽ ആർക്കും ലഭിക്കില്ല,” എന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
ഹോർമുസിന് പിന്നാലെ ചെങ്കടലിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ബാബ് അൽ-മന്ദബ് കടലിടുക്കും അടച്ചിടാൻ യെമനിലെ ഹൂതി വിമതരെ ഇറാൻ ഉപയോഗിച്ചേക്കാമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെയും ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെയും പ്രധാന പാതയാണ് ബാബ് അൽ-മന്ദബ്. ഈ കടലിടുക്ക് അടച്ചാൽ എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഹൂതി നേതൃത്വം മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്കിനും ഇറാന്റെ തീരപ്രദേശങ്ങൾക്കും സമീപം തുടർച്ചയായ നാലാം ദിവസവും അമേരിക്ക വ്യോമാക്രമണം നടത്തി. മിസൈൽ, ഡ്രോൺ താവളങ്ങൾ, നാവിക കേന്ദ്രങ്ങൾ, തീരപ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഏഴ് മണിക്കൂർ നീണ്ട ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ബഹ്റൈനിലെ അമേരിക്കൻ അഞ്ചാം നാവികസേനയുടെ ആസ്ഥാനം, കുവൈത്തിലെ അമേരിക്കൻ സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രം, ജോർദാനിലെ അസ്‌റാഖ് വ്യോമതാവളം എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ, ഇറാൻ വീണ്ടും ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്ത ആഴ്ച വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ധാരണയിലെത്തിയില്ലെങ്കിൽ ആക്രമണം തുടരും,” എന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര എണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡും ജൂൺ മധ്യത്തിനുശേഷമുള്ള ഉയർന്ന നിലവാരത്തിലെത്തി.
Iran threatens to block more vital seaways as Trump orders renewed Iran blockade













