വാഷിങ്ടൺ: യുഎസ് പൗരത്വത്തിന് അപേക്ഷിക്കുന്നവരെ കുറിച്ച് ഇനി അയൽവാസികൾ, സഹപ്രവർത്തകർ, തൊഴിലുടമകൾ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. പൗരത്വ നടപടിക്രമമായ നാച്ചുറലൈസേഷന്റെ ഭാഗമായി അയൽപക്ക അന്വേഷണം എങ്ങനെ നടത്തുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുതിയ മാർഗനിർദേശത്തിലൂടെ വ്യക്തമാക്കി.
ഓഗസ്റ്റ് 25ന് പുറത്തിറക്കിയ മാർഗനിർദേശം ഉടൻ പ്രാബല്യത്തിൽ വന്നു. അന്നേദിവസം വരെ പരിഗണനയിലുണ്ടായിരുന്ന പൗരത്വ അപേക്ഷകൾക്കും അതിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾക്കും ഇത് ബാധകമാണ്. അപേക്ഷകനെ അടുത്തറിയുന്ന അയൽവാസികൾ, വീട്ടുടമകൾ, തൊഴിലുടമകൾ, സഹപ്രവർത്തകർ, ബിസിനസ് പങ്കാളികൾ, ഉപഭോക്താക്കൾ തുടങ്ങിയവരിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ തേടിയേക്കാം. അപേക്ഷകന്റെ കുടുംബപശ്ചാത്തലം, വിവാഹചരിത്രം, സാമൂഹിക ഇടപെടലുകളും ബന്ധങ്ങളും, ജോലി-ബിസിനസ് പ്രവർത്തനങ്ങൾ, സാമ്പത്തിക ബാധ്യതകൾ, സമൂഹത്തിലെ വ്യക്തിപരമായ പ്രതിച്ഛായ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരാം.
അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം, വിദേശയാത്രകൾ, വിദേശരാജ്യങ്ങളുമായുള്ള പ്രവർത്തനങ്ങളും ബന്ധങ്ങളും, നിലവിലെയും മുൻകാലത്തെയും താമസസ്ഥലങ്ങളും പരിശോധിച്ചേക്കും. അപേക്ഷകന്റെ വിശ്വാസ്യതയും സത്യസന്ധതയും യുഎസിനോടുള്ള കൂറും യുഎസ് ഭരണഘടനയുടെ തത്വങ്ങളോടുള്ള ബഹുമാനവും USCIS വിലയിരുത്തും. 1991ന് ശേഷം ഏറെക്കാലം നിർത്തിവച്ചിരുന്ന ഇത്തരം അന്വേഷണങ്ങൾ 2025 ഓഗസ്റ്റിൽ USCIS പുനരാരംഭിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും രേഖകളിലൂടെയോ നാച്ചുറലൈസേഷൻ അഭിമുഖത്തിലൂടെയോ ലഭിക്കാത്ത വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് അന്വേഷണങ്ങൾ ഉപയോഗിക്കുകയെന്ന് പുതിയ മാർഗനിർദേശം വ്യക്തമാക്കുന്നു.
എന്നാൽ എല്ലാ പൗരത്വ അപേക്ഷകർക്കും ഇത്തരം അന്വേഷണം നിർബന്ധമായും നടത്തില്ലെന്ന് USCIS വ്യക്തമാക്കി. കേസിന്റെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തി അന്വേഷണം നടത്തണോ ഒഴിവാക്കണോ എന്ന് ഫ്രോഡ് ഡിറ്റക്ഷൻ ആൻഡ് നാഷണൽ സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫീൽഡ് ഓപ്പറേഷൻസ് വിഭാഗവുമായി സഹകരിച്ച് തീരുമാനിക്കും. അമേരിക്കൻ സമൂഹത്തിലെ അംഗങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അപേക്ഷകൻ പൗരത്വത്തിനുള്ള ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്ന് നിർണയിക്കാൻ സഹായിക്കുമെന്നും USCIS പറഞ്ഞു. പ്രത്യേകിച്ച് നല്ല ധാർമിക സ്വഭാവം പുലർത്തുന്ന വ്യക്തിയാണോ, യുഎസിന്റെ നിയമക്രമത്തിനും ക്ഷേമത്തിനും അനുകൂലമായ മനോഭാവമുള്ളയാളാണോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിൽ ഇത്തരം വിവരങ്ങൾ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അപേക്ഷകർക്ക് Form N-400 സമർപ്പിക്കുമ്പോൾ സ്വഭാവസാക്ഷ്യപത്രങ്ങളോ ശുപാർശ കത്തുകളോ സ്വമേധയാ നൽകാം. കുടുംബാംഗങ്ങളല്ലാത്ത യുഎസ് പൗരന്മാരിൽനിന്നുള്ള ഇത്തരം കത്തുകൾ ലഭിച്ചാൽ അയൽപക്ക അന്വേഷണം ഒഴിവാക്കണമോ എന്ന് തീരുമാനിക്കുമ്പോൾ USCIS പരിഗണിച്ചേക്കാം. എന്നാൽ ഇത്തരം കത്തുകൾ സമർപ്പിച്ചാലും അയൽവാസികൾ, സഹപ്രവർത്തകർ, തൊഴിലുടമകൾ തുടങ്ങിയവരുമായി USCIS ഉദ്യോഗസ്ഥർ നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചേക്കാമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
പൗരത്വത്തിന് യോഗ്യത നേടുന്നതിന് മുമ്പ് വർഷങ്ങളോളം ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ടിവരുന്ന ഇന്ത്യൻ പ്രവാസികൾക്ക്, അപേക്ഷാ രേഖകൾക്കും പൗരത്വ അഭിമുഖത്തിനും പുറമെ ഇത്തരത്തിലുള്ള പരിശോധന കൂടി നേരിടേണ്ടിവരുന്നത് കൂടുതൽ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സ്ഥിരമായ തൊഴിൽ ചരിത്രം, കൃത്യമായി നികുതി അടച്ചിട്ടുള്ളത്, കുട്ടികളുടെ സ്കൂൾ പ്രവർത്തനങ്ങളിലും സമൂഹത്തിലെ വിവിധ പ്രവർത്തനങ്ങളിലും സജീവമായ പങ്കാളിത്തം എന്നിവ ഇന്ത്യൻ അപേക്ഷകർക്ക് പൊതുവെ ഗുണകരമാകുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ പുതിയ മാർഗനിർദേശം പ്രായോഗികമായി എങ്ങനെ നടപ്പാക്കും എന്നതാണ് ഇനി നിർണായകം.
US citizenship applicants face renewed neighbourhood scrutiny under new USCIS guidance











