നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആയിരത്തിലധികം പേരെ കാണാതായ ദുരന്തത്തിൽ 320 ഇന്ത്യക്കാരെയും 100 ഇന്ത്യൻ വംശജരെയും കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. കാണാതായവരിൽ 8 മലയാളികളും ഉൾപ്പെടുന്നു. അതേസമയം നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും, പ്രളയത്തിൽപ്പെട്ട് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 ഇന്ത്യക്കാരെ ആദ്യഘട്ടത്തിൽ നാട്ടിലെത്തിച്ചതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നുവെന്നും, ടിബറ്റിലുള്ള മറ്റ് 400 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. അതേസമയം, തുരങ്കങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫ് (NDRF) സംഘത്തെ അയക്കാനും ഗതാഗത തടസ്സം പരിഹരിക്കാൻ ബെയ്ലി പാലങ്ങൾ നിർമ്മിച്ച് നൽകാനും ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും, തത്കാലം വിദേശ രക്ഷാസേനകളുടെ സഹായം വേണ്ടെന്ന നിലപാടിലാണ് നേപ്പാൾ. സ്വന്തം സൈന്യത്തിനും പൊലീസിനും മറ്റ് ഏജൻസികൾക്കും നിലവിൽ രക്ഷാപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്ന് നേപ്പാൾ വ്യക്തമാക്കി. എന്നാൽ ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കും. ഇതിനിടെ, വീണ്ടും പ്രളയസാധ്യതയുള്ളതിനാൽ ത്രിശൂൽ മേഖലയിലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Nepal Flash Floods: Death Toll Rises to 538; 320 Indians Missing, 21 Rescued and Brought Back










