
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ കരുമാത്ര സ്വദേശി മൂർക്കനാട് ദാമോദര മേനോന്റേതാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ബ്രൂണെയിൽ ചികിത്സയിൽ കഴിയുന്ന ദാമോദര മേനോനെ നാട്ടിലെത്തിച്ച് ദീർഘകാല പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നയതന്ത്ര ഇടപെടലിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രചരിച്ച ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് അദ്ദേഹത്തിന്റെ ഇളയ സഹോദരൻ കരുണാകരമേനോൻ തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ കുടുംബം.
നാല്പത് വർഷം മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ അസുഖബാധിതനായി ചികിത്സയിലാണെന്ന വിവരം ഒരു മാസം മുമ്പാണ് കുടുംബത്തിന് ലഭിക്കുന്നത്. നിലവിൽ ബ്രൂണെയിലെ മിഷൻ കേന്ദ്രത്തിൽ വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് അദ്ദേഹം. കുടുംബം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ദീർഘകാല പുനരധിവാസം ആവശ്യമാണെന്ന് നോർക്കയ്ക്ക് ലഭിച്ച ഔദ്യോഗിക ആശയവിനിമയത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രചരിച്ച പാസ്പോർട്ട് കോപ്പിയിലെയും നോർക്കയ്ക്ക് ലഭിച്ച കത്തിലെയും പാസ്പോർട്ട് നമ്പറുകൾ ഒന്നാണെന്ന് പരിശോധനയിൽ കണ്ടെത്തി.
വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് സംഘം കരുമാത്രയിലെ കുടുംബവീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. തുടർന്ന് ചിത്രത്തിൽ കാണുന്നത് ദാമോദര മേനോൻ തന്നെയെന്ന് പൊലീസും ഉറപ്പിച്ചു. ദാമോദര മേനോന്റെ ചിത്രം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിച്ച് മാനഹാനി വരുത്തിയതിനെതിരെ കർശന നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Circulated Photo Belongs to Damodara Menon, Not Sukumara Kurup: Police Confirm











