റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടെ യുക്രെയ്നിന് 500 അത്യാധുനിക പാട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകൾ വിൽക്കാൻ അമേരിക്ക അനുമതി നൽകി. എന്നാൽ മിസൈലുകൾ ലഭിക്കാൻ വർഷങ്ങളെടുത്തേക്കുമെന്ന ആശങ്ക യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കുവച്ചു. 2.1 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച അംഗീകാരം നൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന 500 പിഎസി-3 മിസൈലുകൾക്കൊപ്പം സ്പെയർ പാർട്സുകളും സാങ്കേതിക സഹായവും ഇടപാടിന്റെ ഭാഗമാണ്.
മിസൈലുകൾ ഏതാനും വർഷങ്ങൾക്കുശേഷം മാത്രമേ ലഭിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് സെലൻസ്കി പറഞ്ഞു. റഷ്യ ദിവസവും യുക്രെയ്നിലെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കുന്ന സാഹചര്യത്തിൽ മിസൈലുകൾ അടിയന്തരമായി ലഭ്യമാക്കാൻ അമേരിക്ക പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു. പാട്രിയറ്റ് മിസൈലുകളുടെ വിതരണം അമേരിക്ക വൈകിപ്പിക്കുകയാണെന്ന് സെലൻസ്കി നേരത്തെയും ആരോപിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ കൈവശമുള്ള മിസൈലുകൾ യുക്രെയ്നിലേക്ക് കൈമാറാൻ അനുമതി നൽകണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യൂറോപ്യൻ സഖ്യകക്ഷികൾ പണം നൽകിയിട്ടും പെന്റഗൺ മിസൈലുകൾ കൈമാറുന്നില്ലെന്നായിരുന്നു ആരോപണം. യുക്രെയ്നിൽ പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങളുടെ കടുത്ത ക്ഷാമമുണ്ടെന്ന് വെള്ളിയാഴ്ച രാത്രി നടത്തിയ വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു. ഒറ്റരാത്രികൊണ്ട് റഷ്യ 17 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ട ഡിനിപ്രോ നഗരവും എണ്ണശുദ്ധീകരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. ഊർജമേഖലയിലെ സംഘർഷം കുറയ്ക്കാൻ റഷ്യ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സെലൻസ്കി ആരോപിച്ചു.
US clears sale of 500 Patriot missiles to Ukraine as Zelensky flags delays












