
ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന വിദേശികളുടെ 35,767 തൊഴിൽ അനുമതി അപേക്ഷകൾ നിരസിച്ച് യുഎസ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ലഭിച്ച അപേക്ഷകളിൽ 44 ശതമാനത്തോളമാണ് തള്ളിയത്. യുഎസ് പൗരത്വ-കുടിയേറ്റ സേവന വിഭാഗമായ USCIS പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നിരസിക്കൽ നിരക്ക് 25 ശതമാനമായിരുന്നു.
മൂന്നാം പാദത്തിൽ തൊഴിൽ അനുമതിക്കായി ലഭിച്ച 1,53,039 അപേക്ഷകളിൽ 46,405 എണ്ണം അംഗീകരിച്ചപ്പോൾ 35,767 എണ്ണം നിരസിച്ചു. ഗ്രീൻ കാർഡ് അപേക്ഷകളിൽ തീരുമാനമാകുന്നതുവരെ അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന രേഖയാണ് എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് (EAD). തൊഴിൽ അനുമതിക്കായി 6,71,362 അപേക്ഷകൾ തീരുമാനമാകാതെ കിടക്കുകയാണ്. ശരാശരി കാത്തിരിപ്പ് സമയം 6.4 മാസമാണ്. H-1B ഉൾപ്പെടെയുള്ള താൽക്കാലിക വിദേശ തൊഴിലാളികളുടെ അപേക്ഷകളിൽ 22 ശതമാനവും കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റ അപേക്ഷകളിൽ 17 ശതമാനവും നിരസിച്ചു.
അമേരിക്കൻ പൗരത്വ അപേക്ഷകളുടെ നിരസിക്കൽ നിരക്കും 13 ശതമാനത്തിൽനിന്ന് 19 ശതമാനമായി ഉയർന്നു. പൗരത്വത്തിനായുള്ള 7,27,371 അപേക്ഷകൾ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ശരാശരി കാത്തിരിപ്പ് സമയം 9.5 മാസമാണ്. ഇതിനിടെ, തൊഴിൽ അനുമതി ഉൾപ്പെടെയുള്ള കുടിയേറ്റ നടപടികളുടെ ഫീസ് വർധിപ്പിക്കാനും വിദേശ വിദ്യാർഥികളുടെ OPT പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് സർവകലാശാലകൾക്ക് അധിക ഫീസ് ഏർപ്പെടുത്താനും യുഎസ് ഭരണകൂടം നീക്കങ്ങൾ നടത്തുന്നുണ്ട്.
US denies over 35,000 Green Card applicants’ work permits, rejection rate soars to 44%














