
വാഷിംഗ്ടൺ: താൻ വ്യക്തിപരമായി ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് ഗൂഗിൾ മാപ്സ് ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് മാറ്റിയതെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്പനിക്ക് തന്നോടുള്ള ബഹുമാനം കൊണ്ടാണ് അവർ ഈ മാറ്റത്തിന് തയ്യാറായതെന്നും അരിസോണയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് അവകാശപ്പെട്ടു.
“ഞാൻ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റി. ഗൂഗിൾ മാപ്സിനെ വിളിച്ച് പേര് മാറ്റാൻ ഞാൻ ആവശ്യപ്പെട്ടു. എന്നോടുള്ള ബഹുമാനം കാരണം ഞാൻ പറയുന്നത് അവർ അനുസരിക്കും. അങ്ങനെ അവർ അത് മാറ്റി,” ട്രംപ് റാലിയിൽ പറഞ്ഞു. 2025 ജനുവരിയിൽ രണ്ടാമതും അധികാരമേറ്റതിന് തൊട്ടുപിന്നാലെ ട്രംപ് കൊണ്ടുവന്ന പേരുമാറ്റത്തെക്കുറിച്ചായിരുന്നു ഈ പരാമർശം. എന്നാൽ, ട്രംപിന്റെ വ്യക്തിപരമായ ഫോൺകോൾ കൊണ്ടല്ല, മറിച്ച് യുഎസ് സർക്കാർ തങ്ങളുടെ ഔദ്യോഗിക ഭൂമിശാസ്ത്രപരമായ പേരുവിവരങ്ങൾ പുതുക്കിയതുകൊണ്ടാണ് മാപ്പിൽ മാറ്റം വരുത്തിയതെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.
2025 ജനുവരി 20-ന് അധികാരമേറ്റ ഉടൻ ‘അമേരിക്കൻ മഹത്വം ഉയർത്തിപ്പിടിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കൽ’ എന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ‘ഗൾഫ് ഓഫ് മെക്സിക്കോ’ എന്നതിന് പകരം ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. തുടർന്ന് ഫെബ്രുവരിയിൽ യുഎസ് ഇന്റീരിയർ ഡിപ്പാർട്ട്മെന്റും ജിയോളജിക്കൽ സർവേയും തങ്ങളുടെ ഔദ്യോഗിക ഡാറ്റാബേസിൽ ഈ മാറ്റം രേഖപ്പെടുത്തി. ഔദ്യോഗിക സർക്കാർ തീരുമാനങ്ങളെ പ്രതിഫലിപ്പിക്കുന്ന തങ്ങളുടെ പതിവ് ശൈലി മാത്രമാണ് മാപ്പിൽ പിന്തുടർന്നതെന്ന് ഗൂഗിൾ അറിയിച്ചു. ആപ്പിൾ മാപ്സും ഈ പേര് സ്വീകരിച്ചിട്ടുണ്ട്.
ഗൂഗിൾ മാപ്സ് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന പേര് നൽകിയെങ്കിലും ഉപയോക്താക്കൾ ഏത് രാജ്യത്തിരുന്നാണ് മാപ്പ് നോക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും പേര് കാണിക്കുക. അമേരിക്കയിലുള്ള ഉപയോക്താക്കൾക്ക് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും, മെക്സിക്കോയിലുള്ളവർക്ക് പഴയതുപോലെ ‘ഗൾഫ് ഓഫ് മെക്സിക്കോ’ എന്നും കാണാം. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ രണ്ട് പേരുകളും ഒന്നിച്ച് പ്രദർശിപ്പിക്കുന്നുണ്ട്.
അമേരിക്ക, മെക്സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കടൽപ്രദേശമാണിത്. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായതിനാൽ, പുതിയ പേര് അംഗീകരിക്കാൻ മെക്സിക്കോയോ മറ്റ് അയൽരാജ്യങ്ങളോ ബാധ്യസ്ഥരല്ല.
‘I called, and Google changed it’; Trump claims credit for changing the name of the Gulf of Mexico














