
സൈനിക രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരക്കാർ ജയിലിൽ പോകുകയോ വെടിയേറ്റു മരിക്കുകയോ വേണമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കുനേരെ 2025 ജൂണിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് സംസാരിക്കവേ അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന റാലിയിലായിരുന്നു പരാമർശം.
“എന്റെ അഭിപ്രായത്തിൽ, വിവരങ്ങൾ ചോർത്തുന്നവരെ വെടിവെച്ചുകൊല്ലണം. പഴയകാലത്ത് അങ്ങനെ ചെയ്തിരുന്നു,” ട്രംപ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ബി-2 ബോംബറുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ വൻ ബോംബുകൾ വർഷിച്ചെന്നും ആക്രമണവിവരം ആരോ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുന്നവർക്കെതിരെ ട്രംപ് നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ട്. റഷ്യയുമായുള്ള തന്റെ ഭരണകൂടത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയവരെ കണ്ടെത്തുമെന്ന് ആദ്യമായി അധികാരമേറ്റപ്പോൾ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
രഹസ്യങ്ങൾ ചോർത്തിയ ജീവനക്കാരനെ വധിക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് ആദ്യ ഭരണകാലത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ അലിസ ഫറാ ഗ്രിഫിനും വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ ഫെഡറൽ വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്കിടെയാണ് പുതിയ പരാമർശം. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡിൽ 13 സൈനികരെ കൊലപ്പെടുത്തിയ സൈനിക സൈക്യാട്രിസ്റ്റ് നിദാൽ മാലിക് ഹസന്റെ വധശിക്ഷ ഡിസംബർ മൂന്നിന് വെടിവെച്ചുകൊണ്ട് നടപ്പാക്കാൻ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്.
വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിർദേശത്തിന് ട്രംപ് പിന്തുണ അറിയിച്ചെങ്കിലും പദ്ധതിയിൽ മാറ്റമുണ്ടാകാമെന്ന് പറഞ്ഞു. ഹസനെ വധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ ഏതു രീതിയിലാണ് ശിക്ഷ നടപ്പാക്കുന്നതെന്നത് തനിക്ക് വിഷയമല്ലെന്നും ട്രംപ് പ്രതികരിച്ചു. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നേരത്തേ സൂചന നൽകിയിരുന്നു. എന്നാൽ സംപ്രേഷണം നടക്കുമോ എന്ന കാര്യത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സംശയം പ്രകടിപ്പിച്ചു. 2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്കു പുറത്തുള്ള അമേരിക്കൻ മണ്ണിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഹസന്റേതെന്ന് വിശേഷിപ്പിച്ച വാൻസ്, വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്താലും താൻ കാണില്ലെന്നും പറഞ്ഞു.
‘Go to jail or be shot’: Trump warns US military secret leakers














