
കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ പുസ്തകത്തിനെതിരായ പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം അബദ്ധത്തിൽ കീറിയത് രാഷ്ട്രീയ വിവാദമായി. ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന നേതാവ് ഷൈന എൻ.സിക്കാണ് പ്രതിഷേധത്തിനിടെ കൈപ്പിഴ സംഭവിച്ചത്. ഇതോടെ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും കോൺഗ്രസും ബാൽ താക്കറെയെ അപമാനിച്ചെന്നാരോപിച്ച് രംഗത്തെത്തി.
സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്’ എന്ന പുസ്തകത്തിന്റെ വിതരണം തടയണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയായിരുന്നു ഷിൻഡെ വിഭാഗത്തിന്റെ പ്രതിഷേധം. വി.ഡി. സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പുസ്തകത്തിലെ 201, 443 പേജുകളിലെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് പ്രസാധകരായ ഹാർപ്പർകോളിൻസിനോട് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധത്തിനായി കൊണ്ടുവന്ന ചിത്രങ്ങളിലൊന്ന് ഷൈന അബദ്ധത്തിൽ കീറുകയായിരുന്നു. തുടർന്ന് ഏകനാഥ് ഷിൻഡെ ഷൈനയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ കോലം ചെരിപ്പുകൊണ്ട് അടിക്കുന്ന ബാൽ താക്കറെയുടെ ചിത്രമാണ് കീറിയതെന്നാണ് ആരോപണം. എന്നാൽ ബാൽ താക്കറെയുടെ ചിത്രമല്ല, മണിശങ്കർ അയ്യരുടെ ചിത്രമാണ് കീറിയതെന്ന് ഷിൻഡെ വിഭാഗം നേതാക്കൾ വിശദീകരിച്ചു. കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗത്തെ വിമർശിക്കാനാണ് പഴയ ചിത്രം പ്രതിഷേധത്തിന് ഉപയോഗിച്ചത്. ബാൽ താക്കറെയുടെ രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമായാണ് ഉദ്ധവ് വിഭാഗം കോൺഗ്രസുമായി കൈകോർത്തതെന്നും ഷിൻഡെ വിഭാഗം ആരോപിച്ചു.
2004 ഓഗസ്റ്റ് 27ന് മുംബൈയിലെ ശിവാജി പാർക്കിൽ സവർക്കർ സ്മാരകത്തിന് സമീപം നടന്ന പ്രതിഷേധത്തിന്റേതാണ് വിവാദമായ ചിത്രം. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മണിശങ്കർ അയ്യർ സവർക്കറെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ബാൽ താക്കറെയുടെ നേതൃത്വത്തിൽ ‘ജോഡേ മാരോ’ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ അയ്യരുടെ കോലത്തിൽ താക്കറെ ചെരിപ്പുകൊണ്ട് അടിക്കുകയും പിന്നീട് നൂറുകണക്കിന് ശിവസേന പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം അതേ ചിത്രം വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.














