ലഹരിമുക്ത ഇന്ത്യ ലക്ഷ്യമിട്ട് പോരാട്ടം ശക്തമാക്കണം; ദാരിദ്ര്യനിർമാർജന മാതൃക ചൂണ്ടിക്കാട്ടി മോദി

ന്യൂഡൽഹി: രാജ്യത്തുനിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞതുപോലെ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നക്‌സലിസം വീണ്ടും തലപൊക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ കൗൺസിൽ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാർ യോഗത്തിൽ അവതരണങ്ങൾ നടത്തി.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ലഹരിമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി വൈകാരികനായെന്നും റിപ്പോർട്ടുകളുണ്ട്. ‘ഡ്രഗ്‌സ് ഫ്രീ ഇന്ത്യ’ എന്ന ലക്ഷ്യം കൈവരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ലഹരിമരുന്ന് ദുരുപയോഗം രൂക്ഷമായ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദിയുടെ പരാമർശം. അതേസമയം, 2011നും 2023നും ഇടയിൽ ഇന്ത്യയിൽ 50 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്നതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ കടുത്ത ദാരിദ്ര്യനിരക്കിൽ 90 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടിലുണ്ട്. മന്ത്രിമാർ, ഉദ്യോഗസ്ഥർ, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മോദി പറഞ്ഞു.

നക്‌സലിസത്തിനെതിരായ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി. മാവോയിസ്റ്റ് സ്വാധീനത്തിൽനിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പതിറ്റാണ്ടുകളായി ‘ഗരീബി ഹഠാവോ’ എന്നത് മുദ്രാവാക്യമായി മാത്രം നിലനിന്നിരുന്നുവെന്നും ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ കഴിഞ്ഞെങ്കിൽ 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യവും കൈവരിക്കാനാകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide