
വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ ലഭിക്കുന്ന ‘ജന്മാവകാശ പൗരത്വം’ (Birthright Citizenship) പരിമിതപ്പെടുത്താനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ നീക്കത്തിന് യുഎസ് ഫെഡറൽ കോടതിയുടെ ശക്തമായ വിലക്ക്. ‘ബർത്ത് ടൂറിസം’ തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച വിവാദ എക്സിക്യൂട്ടീവ് ഉത്തരവിനാണ് മേരിലാൻഡിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് ജഡ്ജി ഡെബോറ എൽ. ബോർഡ്മാൻ പ്രാഥമിക വിലക്ക് ഏർപ്പെടുത്തിയത്.
കുടിയേറ്റക്കാരായ കുടുംബങ്ങളും വിവിധ മനുഷ്യാവകാശ-അവകാശ സംരക്ഷണ സംഘടനകളും ചേർന്ന് നൽകിയ കൂട്ടഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ട്രംപിൻ്റെ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജോ ബൈഡൻ ഭരണകാലത്ത് നിയമിതയായ ജഡ്ജി ബോർഡ്മാന്റേതാണ് ഈ നിർണായക ഉത്തരവ്.
അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജനനസമയത്ത് തന്നെ പൗരത്വത്തിന് അവകാശമുണ്ടെന്ന് നിലവിലുള്ള യുഎസ് ഭരണഘടന മുൻനിർത്തി ജഡ്ജി ചൂണ്ടിക്കാട്ടി. “ഈ വിഷയത്തിൽ യുഎസ് സുപ്രീം കോടതി ഇതിനകം വ്യക്തമായ വിധി പറഞ്ഞിട്ടുള്ളതാണ്. ഹർജി നൽകിയ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ ജനിക്കുമ്പോൾ തന്നെ അമേരിക്കൻ പൗരന്മാരാണ്,” ജഡ്ജി ബോർഡ്മാൻ തൻ്റെ വിധിന്യായത്തിൽ കുറിച്ചു.
അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് ശേഷം 1868-ൽ നിലവിൽ വന്ന 14-ാം ഭരണഘടനാ ഭേദഗതി പ്രകാരം, അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏവർക്കും (ചില അപൂർവ്വ നയതന്ത്ര സാഹചര്യങ്ങൾ ഒഴികെ) ജന്മനാ പൗരത്വം ഉറപ്പുനൽകുന്നുണ്ട്. പൗരത്വം നിർത്തലാക്കാനുള്ള ട്രംപിൻ്റെ മുൻ എക്സിക്യൂട്ടീവ് ഉത്തരവും കഴിഞ്ഞ ജൂണിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രംപ് കൂടുതൽ കർശനമായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശ എംബസികളുമായി ബന്ധമുള്ളവർ, യുഎസിൻ്റെ ശത്രു രാജ്യങ്ങളിൽ നിന്നുള്ളവർ (Alien Enemy) തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവരുടെ കുട്ടികൾക്ക് പൗരത്വം നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഈ ഉത്തരവ്. കൂടാതെ, പൗരത്വത്തിനായി മാത്രം വിസയെടുത്ത് യുഎസിൽ വന്ന് പ്രസവിക്കുന്നതിനെ ‘ബർത്ത് ടൂറിസം’ എന്ന് നിർവചിക്കുകയും ഇതിനായി പണം ചിലവഴിച്ചവർക്ക് പൗരത്വം നൽകില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ, സാധാരണക്കാരായ വിനോദസഞ്ചാരികളും തങ്ങളുടെ കുട്ടികൾക്ക് പൗരത്വം നിഷേധിക്കപ്പെടുമോ എന്ന് ഭയക്കുന്നതായി ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു. ‘ശത്രു വിദേശി’ എന്ന പദം ഭരണകൂടം തന്നിഷ്ടപ്രകാരമാണ് വ്യാഖ്യാനിക്കുന്നതെന്നും, സ്വന്തം നാട്ടിലെ ഏതെങ്കിലും ക്രിമിനൽ സംഘങ്ങളുമായി വിദൂര ബന്ധുക്കൾക്ക് ബന്ധമുണ്ടെന്ന പേരിൽ പോലും കുട്ടികൾക്ക് പൗരത്വം നിഷേധിക്കപ്പെടാൻ ഈ ഉത്തരവ് കാരണമാകുമെന്നും കുടുംബങ്ങൾ ആശങ്കപ്പട്ടു.
‘വി ആർ കാസ’, ‘അസൈലം സീക്കർ അഡ്വക്കസി പ്രൊജക്റ്റ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് നിയമപോരാട്ടം നടക്കുന്നത്. “കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാനോ, കോടതി വിധികൾ മറികടക്കാനോ, പ്രസിഡൻ്റിൻ്റെ കുടിയേറ്റ വിരുദ്ധ അജണ്ട ഭരണഘടനയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കാനോ വൈറ്റ് ഹൗസിന് കഴിയില്ലെന്ന് അവർ മനസ്സിലാക്കണം,” വി ആർ കാസ ലീഗൽ ഡയറക്ടർ ഷാന ഖാദർ പ്രതികരിച്ചു.
കോടതി വിധി വന്നതിനെ തുടർന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇതുവരെ പ്രതികരണങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. എങ്കിലും, ഈ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകാനാണ് സാധ്യതയെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.
US federal court blocks anti-immigration executive order; Trump’s move to limit ‘birthright citizenship’ hits back















