യു.എസ് കെണിയിൽ വീഴില്ലെന്ന് മഡുറോ; മയക്കുമരുന്ന് കേസിൽ നിന്ന് രക്ഷപ്പെടാൻ ‘പരമാധികാര പരിരക്ഷ’ ആയുധമാക്കി വെനസ്വേലൻ മുൻ പ്രസിഡൻ്റ്, വിചാരണയ്ക്ക് മുൻപ് കുറ്റപത്രം തള്ളണമെന്ന് ആവശ്യം

ന്യൂയോർക്ക്: തങ്ങൾക്കെതിരെയുള്ള മയക്കുമരുന്ന് കടത്ത് കേസ് തള്ളിക്കളയണമെന്ന് മുൻ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കൻ കോടതിയോട് ആവശ്യപ്പെട്ടു. ഒരു വിദേശ രാഷ്ട്രത്തലവനും പ്രഥമ വനിതയ്ക്കും നിയമപരമായ ‘പരമാധികാര പരിരക്ഷ’യ്ക്ക് (Sovereign Immunity) അർഹതയുണ്ടെന്നും അതിനാൽ അമേരിക്കൻ കോടതിക്ക് തങ്ങളെ വിചാരണ ചെയ്യാൻ അധികാരമില്ലെന്നുമാണ് ഇരുവരുടെയും വാദം. ബുധനാഴ്ച മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് മഡുറോയുടെ അഭിഭാഷകർ ഹർജി സമർപ്പിച്ചത്.

63-കാരനായ മഡുറോയുടെയും 69-കാരിയായ ഫ്ലോറസിൻ്റെയും വിചാരണ അടുത്ത വർഷം ജൂൺ 1-ന് ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം. കുറ്റപത്രം റദ്ദാക്കണമെന്ന ഹർജിയിൽ നവംബർ 17-നകം വാദം കേൾക്കാൻ ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റൈൻ സമയം നിശ്ചയിച്ചിട്ടുണ്ട്. കേസിൽ ഇരുവരും നേരത്തെ കുറ്റസമ്മതം നടത്താൻ വിസമ്മതിച്ചിരുന്നു.

“കുറ്റാരോപണം ഉന്നയിക്കുന്ന സമയത്ത് സ്വന്തം രാജ്യം രാഷ്ട്രത്തലവനായി അംഗീകരിച്ച ഒരു നേതാവിനെ മറ്റൊരു രാജ്യത്തെ കോടതിയും ചരിത്രത്തിൽ ഇതുവരെ വിചാരണ ചെയ്തിട്ടില്ല. രാഷ്ട്രത്തലവന്മാരെ അവരുടെ സ്വന്തം കോടതിയിലല്ലാതെ മറ്റൊരു രാജ്യത്തെയും ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന അന്താരാഷ്ട്ര നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ വാദം,” മഡുറോയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഔദ്യോഗിക പദവിയിലുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക പരിരക്ഷയ്ക്കും (Conduct-based immunity) മഡുറോയ്ക്ക് അർഹതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് മഡുറോ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി ആദ്യവാരം കാരക്കാസിലെ വസതിയിൽ വെച്ച് അമേരിക്കൻ സൈന്യം നടത്തിയ അർദ്ധരാത്രി റെയ്ഡിലാണ് മഡുറോയും ഭാര്യയും പിടിയിലാകുന്നത്. തുടർന്ന് ഇവരെ ന്യൂയോർക്കിലെത്തിച്ച് ബ്രൂക്ക്ലിൻ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഈ നടപടിയെ ‘തട്ടിക്കൊണ്ടുപോകൽ’ എന്നാണ് മഡുറോ വിശേഷിപ്പിച്ചത്. എന്നാൽ ഇതൊരു ‘കൃത്യമായ നിയമപാലന നടപടി’ മാത്രമാണെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം ന്യായീകരിച്ചു.

യു.എസിലേക്ക് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ കടത്താൻ വെനസ്വേലൻ നിയമപാലകരെ ഉപയോഗിച്ച് മയക്കുമരുന്ന് മാഫിയയെ മഡുറോ സഹായിച്ചെന്നാണ് പ്രൊസിക്യൂട്ടർമാരുടെ ആരോപണം. ആറ് വർഷം മുൻപ് രജിസ്റ്റർ ചെയ്ത ഈ കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടാൽ ഇരുവരും ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മഡുറോയുടെ വാദങ്ങൾക്ക് ഫെഡറൽ പ്രൊസിക്യൂട്ടർമാർ ഈ മാസം അവസാനം മറുപടി നൽകും.

Former Venezuelan president uses ‘sovereign protection’ to escape US drug case, demands indictment be dropped before trial

More Stories from this section

family-dental
witywide