നിയമം എല്ലാവർക്കും ഒന്ന്; അശ്രദ്ധമായി വാഹനം ഓടിച്ച ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് അഞ്ച് വർഷത്തെ ഡ്രൈവിങ് വിലക്ക്

ഫ്ലോറിഡ: പ്രശസ്ത അമേരിക്കൻ ഗോൾഫ് താരം ടൈഗർ വുഡ്സിന് അഞ്ച് വർഷത്തെ ഡ്രൈവിങ് വിലക്ക്. ഫ്ലോറിഡയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അശ്രദ്ധമായി വാഹനം ഓടിച്ചെന്ന കുറ്റം കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാൻ പ്രോസിക്യൂട്ടർമാരുമായി താരം ധാരണയിലെത്തി. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചെന്ന (DUI) ഗുരുതരമായ ആദ്യ കുറ്റത്തിന് പകരമായാണ് ഈ പുതിയ ധാരണ. അഞ്ച് വർഷത്തെ ലൈസൻസ് റദ്ദാക്കലിന് പുറമെ 1,000 ഡോളർ (ഏകദേശം 84,000 രൂപ) പിഴയടയ്ക്കാനും ഫ്ലോറിഡയിലെ മാർട്ടിൻ കൗണ്ടി കോടതിയിൽ വുഡ്സ് സമ്മതിച്ചു.

കഴിഞ്ഞ മാർച്ച് മാസത്തിൽ വുഡ്സ് ഓടിച്ചിരുന്ന വാഹനം ഒരു ട്രക്കിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ലെങ്കിലും കാറിൻ്റെ പാസഞ്ചർ ഡോറിലൂടെ ഇഴഞ്ഞു നീങ്ങിയാണ് അമ്പതുകാരനായ താരം പുറത്തുകടന്നത്. തുടർന്ന് പൊലീസ് നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിൽ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെങ്കിലും, മറ്റ് ലഹരിമരുന്ന് പരിശോധനകൾക്ക് വിധേയനാകാൻ വുഡ്സ് തയ്യാറായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് വേദനസംഹാരിയായി ഉപയോഗിക്കുന്ന ‘ഹൈഡ്രോകോഡോൺ’ എന്ന ഒപ്പിയോയ്ഡ് ഗുളികകൾ പൊലീസ് കണ്ടെത്തിയിരുന്നു.

ഫോണിലേക്ക് നോക്കിയതാണ് അപകടത്തിന് കാരണമായതെന്ന് വുഡ്സ് പൊലീസിനോട് സമ്മതിച്ചിരുന്നു. കേസ് പൂർണ്ണമായും നിയമപരമായാണ് കൈകാര്യം ചെയ്തതെന്നും പ്രശസ്തനായ താരം എന്ന പരിഗണന വുഡ്സിന് നൽകിയിട്ടില്ലെന്നും ഫ്ലോറിഡ സ്റ്റേറ്റ് അറ്റോർണി തോമസ് ബക്കെഡാൽ വ്യക്തമാക്കി.

അപകടത്തെത്തുടർന്ന് താൻ ചികിത്സ തേടുകയാണെന്നും ആരോഗ്യ വീണ്ടെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുറച്ചുകാലത്തേക്ക് ഗോൾഫിൽ നിന്ന് മാറിനിൽക്കുകയാണെന്നും ടൈഗർ വുഡ്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചെന്ന സംശയത്തിൽ വുഡ്സ് അറസ്റ്റിലാകുന്നത് ഇത് രണ്ടാം തവണയാണ്.

Golf legend Tiger Woods gets five-year driving ban for reckless driving

More Stories from this section

family-dental
witywide