അമേരിക്കൻ ഉച്ചാരണമില്ല; ഇന്ത്യൻ ടെക്കിയ്ക്ക് 3.3 ലക്ഷം ശമ്പളമുള്ള ജോലി നഷ്ടമായി

സാങ്കേതിക കഴിവുകളും മികച്ച പോർട്ട്ഫോളിയോയും ഉണ്ടായിട്ടും, ഇംഗ്ലീഷ് സംസാരത്തിലെ “ഇന്ത്യൻ ഉച്ചാരണം” കാരണം അമേരിക്കൻ കമ്പനി ജോലി നിഷേധിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ മുസഫർനഗർ സ്വദേശിയായ 24-കാരൻ തുഷാർ വർമയാണ് തന്റെ അനുഭവം പങ്കുവെച്ചത്. മുൻ കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് പുതിയ ജോലി തേടിക്കൊണ്ടിരുന്ന തുഷാർ, ട്വിറ്റർ (X), വെൽഫൗണ്ട്, വൈ കോമ്പിനേറ്റർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ വിവിധ കമ്പനികളിലേക്ക് അപേക്ഷകൾ അയച്ചുവരികയായിരുന്നു. ദിവസവും 20 മുതൽ 30 വരെ ജോലികൾക്ക് അപേക്ഷിക്കാറുണ്ടെന്നും ഓരോ കമ്പനിക്കുമായി പ്രത്യേക കവർ ലെറ്റർ തയ്യാറാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലി അന്വേഷിക്കുന്നതിനിടെ X-ൽ “Hiring” എന്ന കീവേഡ് ഉപയോഗിച്ച് തിരയുമ്പോഴാണ് ഒരു അമേരിക്കൻ സ്റ്റാർട്ടപ്പ് സ്ഥാപകനെ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം സ്വകാര്യ സന്ദേശം (DM) അയച്ചു. അർധരാത്രിയോടെ ലഭിച്ച മറുപടിക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതികരിക്കുകയും ചെയ്തു. സംഭാഷണത്തിനിടെ, പ്രതിമാസം 4,000 ഡോളർ (ഏകദേശം ₹3.3 ലക്ഷം) ശമ്പളമുള്ള ജൂനിയർ ഡെവലപ്പർ തസ്തികയിലേക്ക് ആളെ അന്വേഷിക്കുകയാണെന്ന് സ്ഥാപകൻ അറിയിച്ചു. താൻ പ്രതീക്ഷിച്ചിരുന്ന ശമ്പളവും അതുതന്നെയായിരുന്നുവെന്ന് തുഷാർ പറഞ്ഞു. തുടർന്ന് തന്റെ പരിചയ വീഡിയോയും പോർട്ട്ഫോളിയോ അടങ്ങിയ വ്യക്തിഗത വെബ്സൈറ്റും തുഷാർ അയച്ചുകൊടുത്തു. വീഡിയോയും പോർട്ട്ഫോളിയോയും പരിശോധിച്ച ശേഷം തന്റെ ജോലിയും സാങ്കേതിക കഴിവുകളും ഇഷ്ടപ്പെട്ടതായി സ്ഥാപകൻ അറിയിച്ചെങ്കിലും, ഒരു പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി.

“നല്ല ആശയവിനിമയ ശേഷിയുള്ള ആളെയാണ് ഞാൻ അന്വേഷിക്കുന്നത്. അമേരിക്കൻ ആക്സെന്റിൽ സംസാരിക്കാൻ കഴിയുന്ന ഒരാൾ,” എന്നാണ് സ്ഥാപകൻ സന്ദേശത്തിൽ പറഞ്ഞത്. പിന്നീട്, “നിങ്ങളുടെ ഉച്ചാരണം വളരെ ശക്തമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തുഷാർ, “എന്റെ കഴിവുകളും പോർട്ട്ഫോളിയോയും ഇഷ്ടപ്പെട്ടിട്ടും, അഭിമുഖത്തിന് പോലും അവസരം നൽകാതെ എന്റെ ആക്സെന്റിന്റെ പേരിൽ തഴയപ്പെട്ടു. വിചിത്രമായ കാലമാണിത്,” എന്ന് കുറിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി അമേരിക്കൻ കമ്പനികളുമായി ജോലി ചെയ്തുവരികയാണെന്നും, തനിക്ക് ആശയവിനിമയത്തിന് ആവശ്യമായ നിലവാരത്തിലുള്ള ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നും തുഷാർ വ്യക്തമാക്കി. എന്നാൽ കമ്പനി അമേരിക്കൻ ഉച്ചാരണമുള്ളവരെ മാത്രമാണ് പരിഗണിക്കുന്നതെന്ന് സ്ഥാപകൻ ആവർത്തിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായി. “ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് ആക്സെന്റ് എന്തിനാണ് ഇത്ര പ്രധാനമാകുന്നത്?” എന്ന് ഒരാൾ ചോദിച്ചു. “അവിടത്തെ തൊഴിൽ സംസ്കാരം എങ്ങനെയാണെന്ന് ഇത് വ്യക്തമാക്കുന്നു. ആ ജോലി നഷ്ടമായത് ഒരുപക്ഷേ നല്ല കാര്യമായിരിക്കാം,” എന്ന് മറ്റൊരാൾ പ്രതികരിച്ചു.”ഇന്നും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടോ? നിങ്ങളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്. നിങ്ങളുടെ ഇംഗ്ലീഷ് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്,” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്,” എന്ന് മറ്റൊരു ഉപയോക്താവും പ്രതികരിച്ചു. ഈ സംഭവം, ആഗോള തൊഴിൽ വിപണിയിൽ കഴിവിനേക്കാൾ ഭാഷാ ഉച്ചാരണത്തിന് ചില സ്ഥാപനങ്ങൾ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്.

US firm rejects Indian techie for ₹3.3 lakh job role over accent despite liking his work

More Stories from this section

family-dental
witywide