
വാഷിംഗ്ടൺ: ഹോർമൂസ് ഇടുക്കിന് സമീപം യു.എസ് ആർമിയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഹെലികോപ്റ്റർ തകർന്നുവീണ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും രണ്ട് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി നടന്ന എൻ.ബി.എ ഫൈനൽസ് മത്സരം കണ്ടതിന് ശേഷം ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് അപകടവിവരം സ്ഥിരീകരിച്ചത്. “പൈലറ്റുമാർ സുരക്ഷിതരാണ്, ആർക്കും പരിക്കേറ്റിട്ടില്ല,” ട്രംപ് പറഞ്ഞു.
അപകടത്തെക്കുറിച്ച് ഔദ്യോഗികമായ വിശദമായ റിപ്പോർട്ട് അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്ന് പ്രസിഡൻ്റ് വ്യക്തമാക്കിയെങ്കിലും, ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയ സാഹചര്യം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹെലികോപ്റ്റർ തകർന്നുവീണതിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ യു.എസ് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
US helicopter crashes near Strait of Hormuz; Trump says pilots safe















