
വാഷിംഗ്ടൺ: നിലവിലെ യുഎസ് – ഇറാൻ സംഘർഷത്തിനിടയിൽ അമേരിക്കയ്ക്ക് വൻ സൈനിക, സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന ഇരുപതിലധികം അത്യാധുനിക എംക്യു-9 റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രതിരോധ മന്ത്രാലയമായ പെൻ്റഗണിൻ്റെ പക്കലുണ്ടായിരുന്ന ആകെ ഡ്രോൺ ശേഖരത്തിൻ്റ 20 ശതമാനത്തോളമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ഏകദേശം 100 കോടി ഡോളറിലധികം (ഏകദേശം 8,300 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമാണ് ഈ ഡ്രോണുകൾക്കുള്ളത്.
ചില ഡ്രോണുകൾ പറക്കുന്നതിനിടയിൽ ഇറാൻ്റ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതാണെന്ന് വിഷയവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മറ്റ് ചില ഡ്രോണുകൾ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളിൽ തറയിൽ വെച്ച് തന്നെ തകരുകയായിരുന്നു. സാങ്കേതികവും പ്രവർത്തനപരവുമായ തകരാറുകൾ മൂലവും ഡ്രോണുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
സംഘർഷത്തിൽ ഡ്രോണുകൾക്ക് പുറമെ കുറഞ്ഞത് 42 യുഎസ് യുദ്ധവിമാനങ്ങൾ തകരുകയോ അവയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് കോൺഗ്രസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് വ്യക്തമാക്കുന്നു. യുഎസിന് ഇതുവരെയുണ്ടായ ആകെ സൈനിക ഉപകരണങ്ങളുടെ നഷ്ടം 260 കോടി ഡോളറിലധികം (ഏകദേശം 21,500 കോടിയിലധികം ഇന്ത്യൻ രൂപ) വരുമെന്നാണ് പ്രാഥമിക കണക്കുകൾ. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകാൻ ഈ റിപ്പോർട്ടുകൾ കാരണമായേക്കും.
US-Iran conflict: A major setback for America? Iran reportedly shot down Reaper drones worth $1 billion















