കാലിഫോർണിയ തീരത്ത് അപൂർവ്വ അതിഥിയായി ‘മഞ്ഞവയറൻ’ കടൽപ്പാമ്പ്; തൊടരുതെന്ന് മുന്നറിയിപ്പ്, എട്ട് വർഷങ്ങൾക്ക് ശേഷമുള്ള സാന്നിധ്യം ശാസ്ത്രലോകത്ത് ചർച്ചയാകുന്നു

ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി ബീച്ചിൽ മാരക വിഷമുള്ള മഞ്ഞവയറൻ കടൽപ്പാമ്പിനെ (Yellow-bellied sea snake) കണ്ടെത്തി. 2018-ന് ശേഷം ആദ്യമായാണ് കാലിഫോർണിയൻ തീരത്ത് ഈ ഇനത്തിൽപ്പെട്ട പാമ്പിനെ കാണുന്നത്. ക്രിസ്റ്റൽ കോവ് ബീച്ചിൽ രാത്രി സമയത്ത് കണ്ടെത്തിയ പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചൂടുള്ള സമുദ്രങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ പാമ്പുകൾ, ഇത്രയും വടക്കുള്ള തണുത്ത കാലിഫോർണിയൻ തീരത്ത് എത്തിയത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടായ മാറ്റങ്ങളും മാറിമറിയുന്ന ശക്തമായ സമുദ്ര പ്രവാഹങ്ങളുമാകാം പാമ്പിനെ ഇവിടെയെത്തിച്ചതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.

പൂർണ്ണമായും സമുദ്രത്തിൽ മാത്രം ജീവിക്കുന്ന ഈ ജീവിവർഗ്ഗത്തെ 1972-ന് ശേഷം ആകെ ആറ് തവണ മാത്രമാണ് കാലിഫോർണിയയിൽ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഉരഗ വിദഗ്ധൻ ഗ്രെഗ് പോളി വ്യക്തമാക്കി. സമുദ്ര പ്രവാഹങ്ങളിൽപ്പെട്ട് വഴിതെറ്റി എത്തിയതാണോ, അതോ ആഗോളതാപനം മൂലം ഇവയുടെ ആവാസവ്യവസ്ഥയിൽ ശാശ്വതമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണെന്ന് സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പാമ്പ് വിദഗ്ധയായ ഹെയ്‌ലി ക്രോവൽ പറഞ്ഞു.

ശരീരത്തിന്റെ മുകൾഭാഗം കറുപ്പും അടിഭാഗം തിളക്കമുള്ള മഞ്ഞ നിറത്തിലുമാണ് ഇവ കാണപ്പെടുന്നത്. വെള്ളത്തിൽ നീന്താൻ സഹായിക്കുന്ന തുഴപോലെയുള്ള വാലുകളാണ് ഇവയ്ക്കുള്ളത്. കരയിൽ ജീവിക്കാൻ സാധിക്കാത്തതിനാൽ ബീച്ചിൽ അകപ്പെട്ട പാമ്പ് തിരികെ പോകാനാകാതെ കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇവയ്ക്ക് മാരകമായ വിഷമുണ്ടെങ്കിലും മനുഷ്യരെ സ്വയം ആക്രമിക്കാറില്ല. എന്നാൽ, അശരണമായ അവസ്ഥയിൽ കിടക്കുന്ന ഇവയെ രക്ഷിക്കാനോ തൊടാനോ ശ്രമിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് വന്യജീവി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വയം ഇടപെടാതെ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നാണ് നിർദ്ദേശം.

‘Yellow-bellied’ sea snake spotted as a rare visitor off the California coast

More Stories from this section

family-dental
witywide