വാഷിംഗ്ടൺ: ഇറാൻ-യുഎസ് അന്തിമ കരാറിനായുള്ള ആദ്യഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സംഘവും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയടക്കമുള്ളവരും ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു. ഇസ്രയേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് വെള്ളിയാഴ്ച ബർഗൻസ്റ്റോക്കിൽ നടക്കേണ്ടിയിരുന്ന അന്തിമ കരാർ ചർച്ചകൾ മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
സ്വിറ്റ്സർലൻഡിൽ, കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും ഒപ്പുവെച്ച 14 ഇന ഇടക്കാല കരാറിനെ ഒരു ശാശ്വത സമാധാന ഉടമ്പടിയാക്കി മാറ്റാനാണ് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും നേതൃത്വം നൽകുന്ന ചർച്ച ലക്ഷ്യമിടുന്നത്. ചർച്ചകൾക്കായിഎല്ലാ സൗകര്യങ്ങളും ഒരുക്കിയിയതായി സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാൽ സമാധാന നീക്കങ്ങളെ, ലെബനനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ വീണ്ടും പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. യുഎസ്-ഇറാൻ ചർച്ചകൾ തുടങ്ങുന്നതിനുള്ള പ്രധാന വ്യവസ്ഥയാണ് ലെബനനിലെ വെടിനിർത്തൽ. നിലവിൽഒപ്പുവെച്ച പ്രാഥമിക സമാധാനകരാർപ്രകാരം ലെബനനിലെ വെടിനിർത്തൽ ലംഘനങ്ങൾക്ക് അമേരിക്ക ഉത്തരവാദിയായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ചർച്ചകളിൽനിന്ന് വിട്ടുനിൽക്കുന്ന ഇസ്രയേൽ തങ്ങൾ ഈ കരാറിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്‌ച തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ നബതിയ മേഖലയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ പാർപ്പിട സമുച്ചയങ്ങൾ തകർക്കുകയും പീരങ്കി ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
US-Iran final agreement; Representatives from both countries head to Switzerland for first round of talks













