ഇറാൻ ഒപ്പമുണ്ട്, പലസ്തീൻ നേതൃത്വത്തിന്‍റെ ഏത് തീരുമാനത്തിനും പൂർണ്ണ പിന്തുണ: ഹമാസ് നേതാവുമായി സംസാരിച്ച് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ

ടെഹ്റാൻ: ഗാസയിൽ ശാശ്വത സമാധാനം കൈവരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ, പലസ്തീൻ നേതാക്കൾ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും ഇറാന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഹമാസ് പൊളിറ്റ് ബ്യൂറോ തലവൻ ഖലീൽ അൽ-ഹയ്യയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. പലസ്തീൻ സംഘടനകളെ ഏകോപിപ്പിക്കുന്നതിൽ അൽ-ഹയ്യ വഹിക്കുന്ന നേതൃത്വപരമായ പങ്കിനെ ഇറാൻ പ്രസിഡന്റ് പ്രശംസിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.

സമാധാന ചർച്ചകളുടെ ഭാഗമായി പലസ്തീൻ നേതൃത്വം എടുക്കുന്ന ഏത് നടപടിയെയും സംരംഭങ്ങളെയും ഇറാൻ ഉറച്ചു പിന്തുണയ്ക്കുമെന്ന് പെസഷ്കിയാൻ വ്യക്തമാക്കി. ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും നിരായുധീകരിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ധാരണയായെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രായേൽ ഗാസയിലെ ആക്രമണങ്ങൾ പൂർണ്ണമായി നിർത്തിവെക്കുകയും ഒക്ടോബറിലെ വെടിനിർത്തൽ കരാർ പ്രകാരമുള്ള ‘യെല്ലോ ലൈനിലേക്ക്’ സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ കരാറുമായി മുന്നോട്ട് പോകുകയുള്ളൂവെന്നാണ് ഹമാസിന്റെ നിലപാട്.

അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ജാഗ്രതയോടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. കരാറിന്റെ കരട് ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും, നിലവിൽ യാതൊരു നിർദ്ദേശത്തിനും ഇസ്രായേൽ ഔദ്യോഗികമായി സമ്മതം മൂളിയിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇതോടെ ഗാസയിലെ ഭാവി സമാധാന നീക്കങ്ങൾ കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.

More Stories from this section

family-dental
witywide