
വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന ഫൊക്കാനയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായത്തിന് ഓഗസ്റ്റ് 6 മുതൽ 8 വരെ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ തിരശ്ശീല ഉയരുകയാണ്. ഒരു കൺവൻഷൻ മാത്രമല്ല, തലമുറകളെ ബന്ധിപ്പിക്കുന്ന സാംസ്കാരിക മഹോത്സവവും, സൗഹൃദങ്ങളുടെ പുനഃസംഗമവും, മലയാളി സ്വത്വത്തിന്റെ ആഘോഷവുമാണ് ഈ മൂന്ന് ദിനരാത്രങ്ങൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യാത്രതിരിച്ച് എത്തുന്ന ഓരോ പ്രതിനിധിയെയും, കുടുംബാംഗങ്ങളെയും, കലാകാരന്മാരെയും, സാഹിത്യകാരന്മാരെയും, അതിഥികളെയും, സ്പോൺസർമാരെയും, സന്നദ്ധപ്രവർത്തകരെയും സ്വാഗതം ചെയ്യാൻ .കലഹാരി ഒരുങ്ങിക്കഴിഞ്ഞു

ഈ വർഷത്തെ കൺവൻഷൻ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കും. ലോക ശ്രദ്ധ ആകർഷിക്കുന്ന രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമങ്ങൾ, ഫൊക്കാനയുടെ ദേശീയ തിരഞ്ഞെടുപ്പ്, സാഹിത്യസമ്മേളനങ്ങൾ, ബിസിനസ് മീറ്റ്, യുവജനോത്സവം, കുടുംബപരിപാടികൾ, അമേരിക്കൻ മലയാളി കലാപ്രതിഭകളുടെ അവതരണങ്ങൾ,നവ്യ നായർ-നാദിർഷാ എന്നിവരണിനിരക്കുന്ന സിനി നൈറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓരോ നിമിഷവും അവിസ്മരണീയമാക്കും.
ഈ മഹാസംഗമം വിജയകരമാക്കുന്നതിനായി കഴിഞ്ഞ നിരവധി മാസങ്ങളായി അഹോരാത്രം പ്രവർത്തിച്ച പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ,കൺവൻഷൻ ചെയർമാൻ ആൽബർട്ട് ആന്റണി , ദേശീയ ഭാരവാഹികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ, മേഖലാ നേതാക്കൾ, അംഗസംഘടനകൾ, നൂറുകണക്കിന് വോളണ്ടിയർമാർ എന്നിവർക്ക് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

ഫൊക്കാനയുടെ ശക്തി അതിന്റെ നേതൃത്വത്തിലോ പരിപാടികളിലോ മാത്രം അല്ല; ലോകമെമ്പാടുമുള്ള അംഗങ്ങളുടെ സ്നേഹത്തിലും വിശ്വാസത്തിലും പങ്കാളിത്തത്തിലുമാണ്. ആ വിശ്വാസമാണ് ഓരോ വർഷവും നമ്മെ കൂടുതൽ കരുത്തോടെ മുന്നോട്ട് നയിക്കുന്നത്.
ഈ കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാവരും ഓരോ പരിപാടിയിലും സജീവമായി പങ്കാളികളാകണമെന്നും, പരസ്പരം സ്നേഹവും ബഹുമാനവും പങ്കുവെച്ച് ഈ ദിവസങ്ങളെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാക്കി മാറ്റണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഈ മഹാസംഗമത്തെ ചരിത്രത്തിൽ ഇടംനേടുന്ന ഒരു അനുഭവമായി മാറട്ടെ എന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

fokana convention to begin in Pennsylvania















