ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം: ട്രംപിന്‍റെ ഉറപ്പുകൾക്കിടയിലും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ദോഹ: ചെങ്കടലിലെ പ്രധാന കപ്പൽപ്പാതകളിൽ ആക്രമണം കടുക്കുകയും എണ്ണക്കപ്പലുകളുടെ ഗതാഗതം തടസപ്പെടുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾ നിലനിൽക്കെയാണ് വിപണിയിൽ അനിശ്ചിതത്വം പുകയുന്നത്. ബുധനാഴ്ച അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.3 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് 0.6 ശതമാനം ഉയർന്ന് ബാരലിന് 76 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ധാരണയിലെത്തിയതായി ട്രംപ് സൂചന നൽകിയെങ്കിലും, വിഷയം ഉടൻ പരിഹരിക്കപ്പെടില്ലെന്ന സൂചനകളാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്നത്. ഇതിനിടയിൽ, ചെങ്കടലിന്റെ തെക്കൻ കവാടമായ ബാബ് അൽ-മന്ദേബ് കടലിടുക്കിലേക്കും പോരാട്ടം വ്യാപിച്ചിരിക്കുകയാണ്. ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഭീഷണിപ്പെടുത്തിയത് സൗദി അറേബ്യയെ പ്രതിസന്ധിയിലാക്കി. ഹോർമുസ് കടലിടുക്കിന് പകരമായി സൗദി ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്നത് ഈ വഴിയായിരുന്നു.

ചെങ്കടലിലെ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടു. മുൻദിവസം യെമൻ തീരത്തിന് സമീപം ഇന്ത്യൻ പതാക ഘടിപ്പിച്ച കപ്പലിന് നേരെ ആക്രമണമുണ്ടാവുകയും കപ്പൽ മുങ്ങുകയും ചെയ്തിരുന്നു. തങ്ങളുടെ ഒരേയൊരു എണ്ണ കയറ്റുമതി ബദൽ പാതയും അടയുന്നത് സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. കടൽപ്പാതകളിലെ സുരക്ഷാ ആശങ്കകൾ ശക്തമായതോടെ ആഗോള എണ്ണവിപണി വരും ദിവസങ്ങളിലും അസ്ഥിരമായി തുടരാനാണ് സാധ്യത.

More Stories from this section

family-dental
witywide