
ടെഹ്‌റാൻ / വാഷിംഗ്ടൺ : മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഇരട്ടിയാക്കിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ്റെ വിവിധ ഭാഗങ്ങളിൽ യു.എസ് സൈന്യത്തിൻ്റെ സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തി. “സ്വയംരക്ഷാർത്ഥം” എന്ന പേരിലാണ് അമേരിക്ക ആക്രമണം നടത്തിയതെങ്കിലും, ഇതിന് തിരിച്ചടിയായി ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാത്തരം വാണിജ്യ കപ്പലുകളുടെയും എണ്ണടാങ്കറുകളുടെയും ഗതാഗതം ഇതോടെ പൂർണ്ണമായി തടസ്സപ്പെട്ടു. തങ്ങളുടെ വിലക്ക് ലംഘിച്ച് പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് വിദേശ കപ്പലുകളെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് നേവി ആക്രമിച്ചതായും ഇറാനിയൻ സൈനിക നേതൃത്വം വ്യക്തമാക്കി. ഇനി ഈ വഴി വരുന്ന ഏത് കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിപണിയും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
അതിനിടെ, അമേരിക്കൻ ബോംബർ വിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ തെക്കൻ ഇറാൻ്റെ വിവിധ ഭാഗങ്ങളും തലസ്ഥാനമായ ടെഹ്‌റാൻ്റെ പടിഞ്ഞാറൻ മേഖലകളും വിറച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കാമായിരുന്നു. യു.എസ് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാൻ ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായതായും റിപ്പോർട്ടുകളുണ്ട്. ഇറാനുമായി അടിയന്തര സമാധാനക്കരാറിൽ ഒപ്പുവെക്കാൻ തയ്യാറാകാത്തതിനാലാണ് വീണ്ടും ആക്രമണം ശക്തമാക്കിയതെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
മേഖലയിലെ അതീവ ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബാഗ്ദാദിലെ യു.എസ് എംബസി അമേരിക്കൻ പൗരന്മാർക്ക് അടിയന്തര സുരക്ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും പ്രാദേശിക വാർത്താ മാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും എംബസി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.
US-Iran military conflict; Iran says it has completely closed the Strait of Hormuz















