യുഎസ് ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറെമറെ പുറത്താക്കി; ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി തുടരുന്നു

വാഷിംഗ്ടൺ: യുഎസ് തൊഴിൽ വകുപ്പ് (ലേബർ) സെക്രട്ടറി ലോറി ഷാവേസ്-ഡിറെമറെ സ്ഥാനത്ത് നിന്ന് നീക്കി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഭരണകൂടത്തിൻ്റെ നയങ്ങൾ നടപ്പിലാക്കുന്നതിലെ അതൃപ്തിയും പ്രവർത്തനക്ഷമതയിലെ പോരായ്മയുമാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽ നിയമങ്ങൾ മേൽനോട്ടം വഹിക്കുകയും തൊഴിലില്ലായ്മ വേതനം നിയന്ത്രിക്കുകയും ചെയ്യുന്ന വകുപ്പിൻ്റെ തലപ്പത്തുള്ള ലോറിക്കെതിരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരാതികൾ ഉയർന്നിരുന്നു.

58 വയസ്സുകാരിയായ ഷാവേസ്-ഡിറെമർ ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം നേരിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, താൻ സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച കുറിപ്പിൽ, “ബിസിനസ്സും തൊഴിലാളികളും തമ്മിലുള്ള അന്തരം കുറയ്ക്കാനും അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകാനുമുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു” എന്ന് അവർ വ്യക്തമാക്കി. അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുൻപേയാണ് ഷാവേസ്-ഡിറെമറുടെ പടിയിറക്കം.

ഇതോടൊപ്പം അറ്റോർണി ജനറൽ പാം ബോണ്ടി, വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് എന്നിവരെയും പദവികളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഭരണകൂടത്തെ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അഴിച്ചുപണിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ്, ഷാവേസ്-ഡിറെമറുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിലും മികച്ച തൊഴിൽ രീതികൾ നടപ്പിലാക്കുന്നതിലും അവർ മികച്ച പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിംഗിനായിരിക്കും പകരം താൽക്കാലിക ചുമതല.

തൊഴിലിടത്തിലെ മോശം പെരുമാറ്റത്തെക്കുറിച്ച് ലേബർ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്‌പെക്ടർ ജനറൽ ഷാവേസ്-ഡിറെമർക്കെതിരെ അന്വേഷണം ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രവൃത്തിസമയത്ത് ഓഫീസിലിരുന്ന് മദ്യപിക്കുക, സ്വന്തം താൽപ്പര്യപ്രകാരമുള്ള സ്ഥലങ്ങളിലേക്ക് ഔദ്യോഗിക യാത്രകൾ പ്ലാൻ ചെയ്ത് യാത്രാ തട്ടിപ്പ് നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം അവർ നിഷേധിച്ചിട്ടുണ്ട്.

കൂടാതെ, ഷാവേസ്-ഡിറെമറുടെ ഭർത്താവ് ഷാൻ ഡിറെമർക്കെതിരെയും വിവാദങ്ങൾ ഉയർന്നിരുന്നു. വകുപ്പിന്റെ ആസ്ഥാനത്തെ രണ്ട് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് അദ്ദേഹത്തിന് അവിടെ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിൽ പൊലീസ് റിപ്പോർട്ട് ഫയൽ ചെയ്തിരുന്നെങ്കിലും, തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂട്ടർമാർ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഒറിഗൺ പ്രതിനിധി സഭാംഗമായും ഹാപ്പി വാലി പട്ടണത്തിലെ മേയറായും ഷാവേസ്-ഡിറെമർ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൽ നിന്ന് അടുത്ത കാലത്തായി പുറത്തുപോകുന്ന മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് ലൊറി. അറ്റോർണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എന്നിവർ ഇതിന് മുൻപ് പുറത്തുപോയിരുന്നു.

എന്നാൽ, പുതിയ ലേബർ സെക്രട്ടറിയായി ആരെ നിയമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ട്രംപിൻ്റെ രണ്ടാം ഭരണകാലത്തെ ഏറ്റവും വലിയ ഭരണപരമായ മാറ്റങ്ങളിലൊന്നായിട്ടാണ് ഈ കൂട്ടപ്പിരിച്ചുവിടൽ വിലയിരുത്തപ്പെടുന്നത്.

US Labor Secretary Lori Chavez-DeRemer fired; Trump administration continues to shake up

More Stories from this section

family-dental
witywide