വാഷിങ്ടൺ: അമേരിക്കയിലെ വിസ തട്ടിപ്പും ദുരുപയോഗവും സംബന്ധിച്ച പരാതികൾ നൽകാൻ പുതിയ ഓൺലൈൻ പോർട്ടലുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ടൂറിസ്റ്റ്, ബിസിനസ്, തൊഴിൽ, വിദ്യാർഥി, കുടിയേറ്റ വിസകളുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ഇതുവഴി റിപ്പോർട്ട് ചെയ്യാം. വിസ തട്ടിപ്പിന്റെയും ദുരുപയോഗത്തിന്റെയും ആരോപണങ്ങൾ ഗൗരവമായി കാണുമെന്നും ലഭിക്കുന്ന വിവരങ്ങൾ യുഎസ് കുടിയേറ്റ നിയമങ്ങൾ പ്രകാരമുള്ള അന്വേഷണത്തിനും നിയമനടപടികൾക്കുമായി പരിശോധിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
“യുഎസ് വിസ അവകാശമല്ല, ഒരു ആനുകൂല്യമാണ്” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് എക്‌സിൽ കുറിച്ചു. വിസ തട്ടിപ്പും ദുരുപയോഗവും കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തികളെയും കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെയും കുറിച്ച് പരാതിപ്പെടാം. പേര്, A-നമ്പർ, പെറ്റിഷൻ അല്ലെങ്കിൽ രസീത് നമ്പർ, പാസ്‌പോർട്ട്, വിസ നമ്പർ, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, സോഷ്യൽ മീഡിയ വിവരങ്ങൾ തുടങ്ങിയവ ലഭ്യമെങ്കിൽ പരാതിയിൽ ഉൾപ്പെടുത്താം.
പരാതി നൽകുന്നവർ സ്വന്തം വ്യക്തിവിവരങ്ങൾ നൽകേണ്ടതില്ല. അജ്ഞാതമായി പരാതി സമർപ്പിക്കാനും സാധിക്കും. എന്നാൽ പേര്, ഇ-മെയിൽ എന്നിവ നൽകിയാൽ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ അധികൃതർ പരാതിക്കാരുമായി ബന്ധപ്പെടും. വിസ തട്ടിപ്പോ ദുരുപയോഗമോ നടന്നതായി സംശയിക്കാൻ കാരണമാകുന്ന പ്രവർത്തനങ്ങൾ എന്താണെന്നും ഫോമിൽ വിശദീകരിക്കണം. നേരത്തെ റിപ്പോർട്ട് ചെയ്ത വിഷയമാണെങ്കിൽ അതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചേർക്കാം.
അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴയോ തടവുശിക്ഷയോ രണ്ടും കൂടിയോ ലഭിക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. പോർട്ടലിലൂടെ ലഭിക്കുന്ന വിവരങ്ങൾ നിയമപാലന അന്വേഷണങ്ങൾക്കും കുടിയേറ്റ നടപടികളുടെ പരിശോധനയ്ക്കും ഉപയോഗിക്കാം. ആവശ്യമായ സാഹചര്യങ്ങളിൽ മറ്റ് ഫെഡറൽ, സംസ്ഥാന, പ്രാദേശിക, വിദേശ നിയമപാലന ഏജൻസികളുമായി വിവരങ്ങൾ പങ്കിടാനും കഴിയും. യുഎസ് കുടിയേറ്റ സംവിധാനവുമായി ബന്ധമില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങൾ അതത് സർക്കാർ ഏജൻസികളെയോ പ്രാദേശിക നിയമപാലന സംവിധാനങ്ങളെയോ അറിയിക്കണമെന്നും അടിയന്തര ദേശീയ സുരക്ഷാ, പൊതുസുരക്ഷാ ഭീഷണികൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
US launches new dedicated portal to report visa fraud and misuse: What students, H-1B and other visa holders should know













