റഷ്യൻ എണ്ണ വാങ്ങൽ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് 100% നികുതി ചുമത്തിയേക്കും; ഉപരോധ ബിൽ ജനപ്രതിനിധി സഭയിൽ

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വൻതോതിൽ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയായി അമേരിക്കയുടെ പുതിയ ഉപരോധ നിയമം അണിയറയിൽ ഒരുങ്ങുന്നു. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് ജനപ്രതിനിധി സഭയിൽ (House of Representatives) അവതരിപ്പിച്ച ബിൽ സുപ്രധാനമായ ആദ്യ കടമ്പ കടന്നു.

‘ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ എന്ന ബില്ലിന്മേൽ നടന്ന പ്രാഥമിക വോട്ടെടുപ്പിൽ 211-നെതിരെ 214 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ അനുമതി നൽകിയത്. ബില്ലിന്മേലുള്ള അന്തിമ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് സെനറ്റ് 11-നെതിരെ 86 വോട്ടുകൾക്ക് ഈ ബിൽ പാസാക്കിയിരുന്നു.

റഷ്യൻ ഊർജ്ജ മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ നികുതി ചുമത്താൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് പുതിയ നിയമം. ആദ്യഘട്ടത്തിൽ റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, സഭയിൽ വന്ന പുതിയ ഭേദഗതിയോടെ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളെ ബില്ലിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ചൈന, തുർക്കി, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ, യുഎഇ, സിംഗപ്പൂർ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 2022-ലെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയെങ്കിലും, റഷ്യയിൽ നിന്ന് വൻതോതിൽ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. യുദ്ധത്തിന് ഫണ്ട് കണ്ടെത്താൻ റഷ്യയെ സഹായിക്കുന്ന ഈ വരുമാന മാർഗ്ഗം തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം.

പുതിയ നിയമപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 100 ശതമാനം നികുതി ഏർപ്പെടുത്തിയാൽ, യുഎസ് വിപണിയിൽ ഇന്ത്യൻ സാധനങ്ങളുടെ വില ഇരട്ടിയാകും. ഇത് ഇന്ത്യയുടെ ആഗോള വ്യാപാരത്തെയും കയറ്റുമതി മേഖലയെയും പ്രതികൂലമായി ബാധിക്കും.

അതേസമയം, ബില്ലിനെ അമേരിക്കൻ കോൺഗ്രസിലെ ചില ജനപ്രതിനിധികൾ തന്നെ എതിർക്കുന്നുണ്ട്. റഷ്യയെ സമ്മർദ്ദത്തിലാക്കുന്നതിനെയല്ല, മറിച്ച് പ്രസിഡന്റിന് അമിതമായ നികുതി അധികാരം നൽകുന്നതിനെയാണ് ഡെമോക്രാറ്റിക് പ്രതിനിധി ഗ്രിഗറി മീക്സ് ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നത്. അതേസമയം, ദേശീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ചില രാജ്യങ്ങൾക്ക് ഇളവ് നൽകാനുള്ള വിവേചനാധികാരവും ബിൽ പ്രസിഡന്റിന് നൽകുന്നുണ്ട്.

ജനപ്രതിനിധി സഭ കൂടി ബിൽ പാസാക്കിയാൽ ഇത് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയക്കും. ട്രംപ് ഒപ്പുവെക്കുന്നതോടെ ബിൽ നിയമമായി മാറും. എങ്കിലും ഇന്ത്യയ്ക്ക് മേൽ ഉടനടി നികുതി ചുമത്തപ്പെടില്ലെന്നും, ആവശ്യമെങ്കിൽ നികുതി ചുമത്താനുള്ള നിയമപരമായ അധികാരം പ്രസിഡന്റിന് ലഭിക്കുക മാത്രമാണ് ചെയ്യുകയെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

US may impose 100% tariff on Indian products; sanctions bill introduced in the House of Representatives.