ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പ്; ബാലറ്റിൽ ഞാനുണ്ടെന്ന് സങ്കൽപ്പിക്കണമെന്ന് ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടഭ്യർഥിച്ച് ട്രംപ്

വാഷിങ്ടൺ: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പാണിതെന്നും വോട്ടെടുപ്പിൽ തന്റെ പേരുണ്ടെന്ന് സങ്കൽപ്പിച്ച് വോട്ടർമാർ വോട്ടുചെയ്യണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ രാഷ്ട്രീയത്തിലെ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ, റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥനയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചാൽ അന്വേഷണങ്ങളും തന്റെ ഭരണപരിപാടികൾക്ക് തടസ്സവും ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ബാലറ്റിൽ ഞാൻ ഉണ്ടെന്ന് നിങ്ങൾ സങ്കൽപ്പിക്കണം. കാരണം ഞാൻ മത്സരരംഗത്തുണ്ടാകുമ്പോൾ 50 ശതമാനംവരെ കൂടുതൽ വോട്ടർമാർ വോട്ടുചെയ്യാൻ എത്താറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ച നടക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടക്കാല തിരഞ്ഞെടുപ്പാണെന്ന് അനുഭാവികളെ ട്രംപ് ഓർമിപ്പിച്ചു. ന്യൂയോർക്കിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി നടത്തിയ ടെലി റാലിയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

യു.എസ് കോൺഗ്രസിൻ്റെ ഇരുസഭകളുടെയും നിയന്ത്രണം റിപ്പബ്ലിക്കന്മാർക്ക് നഷ്ടപ്പെട്ടാൽ എന്തുചെയ്യുമെന്ന ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ്കാസ്റ്റിലെ ചോദ്യത്തിന്, ‘ഞാൻ മിസ്റ്റർ വീറ്റോ ആയി മാറേണ്ടിവരുമെന്നാണ് കരുതുന്നത്’ എന്ന് ട്രംപ് മറുപടി നൽകി. കോൺഗ്രസ് പാസാക്കുന്ന തീരുമാനങ്ങളെ തടയാനുള്ള (വീറ്റോ) പ്രസിഡന്റിന്റെ അധികാരത്തെ പരാമർശിച്ചായിരുന്നു ഇത്.

ഡെമോക്രാറ്റുകളിൽനിന്ന് ഉണ്ടാകാൻ ഇടയുള്ള അന്വേഷണങ്ങളെയും ഇംപീച്ച്മെന്റ് നടപടികളെയും നേരിടാൻ വൈറ്റ് ഹൗസ് സജ്ജമാണെന്നും അറിയിച്ചിട്ടുണ്ട്. “അവർ എന്നെ വേട്ടയാടാൻ തുനിഞ്ഞാൽ ഞാൻ അവരെയും നേരിടും” എന്ന് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. തനിക്കെതിരെ അന്വേഷണം നടത്തുന്ന ഡെമോക്രാറ്റുകൾക്കെതിരെ അന്വേഷണം നടത്താൻ നീതിന്യായ വകുപ്പിനോട് (ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്) ആവശ്യപ്പെടാൻവരെ തനിക്ക് സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ അഭിപ്രായ സർവേകൾ അധോസഭയായ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ഇതിനുപുറമേ സെനറ്റിൻ്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ പോലെ ഡെമോക്രാറ്റുകൾ യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം നേടിയാൽ, ട്രംപിന്റെ നടപടികളിന്മേൽ കടുത്ത പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകും. ഇത് ട്രംപിന്റെ പദ്ധതികൾ നടപ്പാക്കാനുള്ള കഴിവിനെ കാര്യമായി പരിമിതപ്പെടുത്തും.

സർവേ ഫലങ്ങൾ ഉയർത്തുന്ന ഈ ആശങ്ക ചൂണ്ടിക്കാട്ടിയാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി വോട്ടുതേടിയത്. ട്രംപിന്റെ രണ്ടാം ഭരണകാലയളവിലെ അവസാന രണ്ട് വർഷങ്ങളുടെ ഭാവി നിർണയിക്കുന്ന ഈ വോട്ടെടുപ്പ്, അദ്ദേഹത്തിൻ്റെ നയങ്ങളുടെ മേലുള്ള ജനവിധിയായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലെ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) മുഴുവൻ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 37 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

The most important midterm election in history; Trump seeks votes, asking people to imagine his name is on the ballot.

More Stories from this section

family-dental
witywide