യുക്രൈൻ അധിനിവേശത്തെ തുടർന്ന് അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂഷമായി നിൽക്കുന്നതിനിടെ അമേരിക്കൻ സൈനിക വിമാനം റഷ്യയിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്തു. മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച വിമാനം ഇറങ്ങിയത്. സംഭവം പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകളും വിവിധ തരത്തിലുള്ള ഗൂഢ സിദ്ധാന്തങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കൻ വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ III എന്ന ഭീമൻ വിമാനമാണ് റഷ്യയിൽ ലാൻഡ് ചെയ്തത്. സൈനികർ, ആയുധങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ ദീർഘദൂരം എത്തിക്കാൻ അമേരിക്കൻ വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്ന വിമാനമാണിത്. ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ നിന്ന് രാവിലെ 8.50-ന് പറന്നുയർന്ന ആർസിഎച്ച് 4555 എന്ന കോൾസൈനുള്ളതും 07-7181 എന്ന രജിസ്ട്രേഷനുള്ളതുമായ വിമാനമാണ് മോസ്കോയിൽ എത്തിയത്.
യുഎസ് ആൻഡ്രൂസ് വ്യോമതാവളം സ്ഥിതി ചെയ്യുന്ന ക്യാമ്പ് സ്പ്രിങ്സിൽ നിന്നാണ് ഈ വിമാനം യാത്ര ആരംഭിച്ചത്. യുഎസ് പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ സ്ഥിതി ചെയ്യുന്ന പ്രധാന സൈനിക താവളങ്ങളിൽ ഒന്നാണിത്. കൂടാതെ മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രയ്ക്കുള്ള പ്രധാന കേന്ദ്രം കൂടിയാണ് ആൻഡ്രൂസ് വ്യോമതാവളം. എന്നാൽ വിമാനത്തിൽ ആളുകൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഈ അസാധാരണ ലാൻഡിങ്ങിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഎസോ റഷ്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിന്റെ ലാൻഡിങ്ങിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നാണ് ക്രെംലിനിൽ നിന്നുള്ള പ്രതികരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വൻശക്തികൾ തമ്മിൽ കടുത്ത തർക്കങ്ങളും ഉപരോധങ്ങളും നിലനിൽക്കെ നടന്ന് ഈ അപൂർവ്വ ലാൻഡിങ്ങിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഊഹാപോഹങ്ങൾ തുടരുകയാണ്.
US Military Aircraft Lands in Russia Amid High Tensions, Sparking Speculations











