ന്യൂഡൽഹി: ടി.പി. വധക്കേസിൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ ഹാജരായിരുന്ന സിപിഐഎം സഹയാത്രികനായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെ മാറ്റാൻ സർക്കാർ തീരുമാനം. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
ടി.പി. വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സർക്കാർ അഭിഭാഷകരും തമ്മിൽ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഒത്തുകളിക്കുന്നുവെന്ന ആരോപണം കെ.കെ. രമ ഉന്നയിച്ചിരുന്നു.തുടർന്ന്, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് രമ സർക്കാരിനെ സമീപിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സഹയാത്രികനായ സീനിയർ അഭിഭാഷകനെ മാറ്റാൻ സർക്കാർ തീരുമാനം.
അതേ സമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പടെ ഏഴ് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
The government removed the lawyer—a CPIM fellow traveller—from the T.P. murder case.









