സി.ജെ.പി പ്രക്ഷോഭത്തിലെ പോലീസ് അതിക്രമം: അന്വേഷണം അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച സി.ജെ.പി വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഈ അപേക്ഷ നൽകിയത്. ജൂലൈ 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് നേരെയാണ് വലിയ പൊലീസ് അതിക്രമം ഉണ്ടായത്.

പോലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിരുന്നുവെങ്കിലും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്കും അന്വേഷിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. അമിത് ഷായ്ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഡൽഹി പോലീസ് കമ്മിഷണർ അനുരാഗ് കുമാർ, ഡൽഹി പൊലീസിലെ സ്പെഷ്യൽ, ജോയിന്റ് കമ്മിഷണർമാർ, ആർ.എ.എഫ് ഐ.ജി സീമ ധുന്ധ്യ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹർജിക്കാരൻ വ്യക്തമാക്കുന്നു.

നിലവിലെ ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്നും സമിതിയുടെ അധ്യക്ഷസ്ഥാനത്ത് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്നുമാണ് അപേക്ഷയിലെ മറ്റൊരു പ്രധാന ആവശ്യം. മുൻ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നിവരിൽ ഒരാളെ സമിതി അധ്യക്ഷനാക്കണമെന്ന് ഹർജിയിൽ പറയുന്നു. ഒപ്പം ലിംഗനീതിയും നിയമപരമായ വൈദഗ്ധ്യവും ഉറപ്പാക്കുന്നതിനായി വിരമിച്ച ഒരു വനിതാ ഡി.ജി.പിയെയും മുൻ അറ്റോർണി ജനറലിനെയും സമിതിയിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Police Violence Against CJP Student Protests: Plea in Supreme Court Seeking Probe Against Amit Shah and Senior Officials

More Stories from this section

family-dental
witywide