അമേരിക്കയിലെ തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നടപടികളിൽ വലിയ മാറ്റങ്ങൾ വരുത്താൻ യുഎസ്. ഇതിനായുള്ള നിർദേശം ഫെഡറൽ തലത്തിലുള്ള അവലോകനത്തിൽ അംഗീകാരം നേടിയതോടെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പദ്ധതിയിൽ പരിഷ്കാരങ്ങൾ വന്നേക്കും. വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നതിന് മുമ്പ് അമേരിക്കൻ തൊഴിലാളികൾക്ക് തൊഴിൽ അവസരം ഉറപ്പാക്കുന്ന നടപടികളിലാണ് പ്രധാനമായും മാറ്റം വരുക. യുഎസിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെയും ഇത് ബാധിച്ചേക്കാം.
തൊഴിലാളികളെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ശക്തമാക്കുക, പിരിച്ചുവിടൽ നേരിട്ട അമേരിക്കൻ തൊഴിലാളികൾക്ക് കൂടുതൽ സംരക്ഷണം നൽകുക, തൊഴിൽ നിയമങ്ങളിലെ വിവേചനവിരുദ്ധ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് നിർദിഷ്ട പരിഷ്കാരങ്ങളുടെ ലക്ഷ്യം. രണ്ട് പതിറ്റാണ്ടിലേറെയായി സമഗ്രമായ മാറ്റങ്ങൾ വരുത്താത്ത സംവിധാനത്തിലാണ് പരിഷ്കാരങ്ങൾ ആലോചിക്കുന്നത്. തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിന് മുമ്പ് അമേരിക്കൻ തൊഴിലുടമകൾ സാധാരണയായി പൂർത്തിയാക്കേണ്ട തൊഴിൽ സർട്ടിഫിക്കേഷൻ നടപടിയാണ് PERM.
EB-2, EB-3 വിഭാഗങ്ങളിലൂടെ ഗ്രീൻ കാർഡ് നേടാൻ ശ്രമിക്കുന്നവർക്ക് ഇത് പ്രധാനമാണ്. നിലവിലെ നിയമപ്രകാരം, ഒരു തസ്തികയിലേക്ക് യോഗ്യരും താൽപര്യമുള്ളവരും ലഭ്യരുമായ മതിയായ അമേരിക്കൻ തൊഴിലാളികളില്ലെന്ന് തൊഴിലുടമ തെളിയിക്കണം. താൽക്കാലിക വിസയിൽ യുഎസിൽ ജോലി ചെയ്യുന്ന H-1B വിസക്കാർക്കും അവരുടെ തൊഴിലുടമകൾ ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നൽകുമ്പോൾ ഈ നടപടിക്രമം നിർണായകമാണ്. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനാണ് യുഎസ് തൊഴിൽ വകുപ്പിന്റെ (DOL) നീക്കം.
ഒഴിവുകളെക്കുറിച്ചുള്ള പരസ്യം നൽകുന്ന രീതിയിൽ മാറ്റങ്ങളും കൂടുതൽ രേഖകൾ സമർപ്പിക്കണമെന്ന നിബന്ധനകളും വന്നേക്കാം.അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ട സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികൾക്കായി തൊഴിൽ സർട്ടിഫിക്കേഷൻ തേടുമ്പോൾ അധിക നിബന്ധനകളും പരിശോധനകളും നേരിടേണ്ടിവന്നേക്കാം. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികളിലും കൂടുതൽ പരിശോധനയുണ്ടാകാം. നിയമനങ്ങൾ തുല്യ തൊഴിൽ അവസരവും വിവേചനവിരുദ്ധ ചട്ടങ്ങളും പാലിച്ചാണെന്ന് തൊഴിലുടമകൾ കൂടുതൽ വ്യക്തമായി തെളിയിക്കേണ്ടിവരും.
പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നാൽ, വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിന് മുമ്പ് അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ ആത്മാർഥമായ ശ്രമങ്ങൾ നടത്തിയെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ തൊഴിലുടമകൾ സമർപ്പിക്കേണ്ടിവന്നേക്കും. എന്നാൽ നിർദിഷ്ട നിയമത്തിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനാൽ പുതിയ മാറ്റങ്ങൾ തൊഴിലുടമകളുടെ ചെലവ് വർധിപ്പിക്കുമോ, നടപടികൾ വൈകിപ്പിക്കുമോ, വിദേശ തൊഴിലാളികൾക്ക് ഗ്രീൻ കാർഡ് നേടുന്നത് കൂടുതൽ പ്രയാസകരമാക്കുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല.
US plans major changes to Green Card sponsorship under PERM programme: Details here













