
ഇറാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ച് യുദ്ധം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,500 ടൺ പടക്കോപ്പുകളാണ് യുഎസ് ഇസ്രയേലിലേക്ക് എത്തിച്ചത്. രണ്ട് ചരക്ക് കപ്പലുകളിലും നിരവധി വിമാനങ്ങളിലുമായി എത്തിയ ഈ വൻ ആയുധശേഖരം ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-യുഎസ് സംഘർഷം അറുപത് ദിവസം പിന്നിടുമ്പോഴാണ് ഈ പുതിയ നീക്കം.
ഇറാൻ യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ഏകദേശം 1,15,600 ടൺ ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് കൈമാറിയത്. 403 എയർലിഫ്റ്റുകളും 10 സീ ലിഫ്റ്റുകളും ഇതിനായി ഉപയോഗിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെറുതും എന്നാൽ അതിശക്തവുമായ ആക്രമണം നടത്താനാണ് യുഎസ് സൈനിക വിഭാഗമായ സെന്റ്കോം ലക്ഷ്യമിടുന്നത്. കൂടാതെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് കപ്പൽ ഗതാഗതം നിയന്ത്രിക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി സൈനികമായ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ യുഎസ് സൈന്യം ആലോചന തുടരുകയാണ്. എന്നാൽ അത്തരമൊരു നീക്കം നേരിട്ടുള്ള കരയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തങ്ങൾ ഇറാനുമായി യുദ്ധത്തിലല്ലെന്ന് അമേരിക്ക ഔദ്യോഗികമായി പറയുമ്പോഴും സൈനിക വിന്യാസം മറിച്ചൊരു സൂചനയാണ് നൽകുന്നത്.
അമേരിക്ക നടത്തുന്ന സമാധാന ചർച്ചകളിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ നടക്കുന്നതിനിടെ തന്നെ മുൻപ് രണ്ടുതവണ അമേരിക്ക ആക്രമണം നടത്തിയതാണ് ഇതിന് കാരണം. യുഎസും ഇസ്രയേലും വീണ്ടും ആക്രമണത്തിന് മുതിർന്നാൽ കടുത്ത തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും ശത്രുവിന്റെ ഏത് നീക്കത്തെയും ചെറുക്കുമെന്നുമാണ് ഇറാന്റെ നിലപാട്.
US Prepares for Renewed Conflict with Iran; 6500 Tons of Arms Reach Israel












