
ടോക്കിയോ: ആണവ നിലയങ്ങളിൽ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ തുടരുന്നതിനിടെ, യുഎൻ ആണവ നിരീക്ഷണ സമിതിയുടെ ഇൻസ്പെക്ടർമാർ ഉടൻ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് ഐഎഇഎ മേധാവി റാഫേൽ മരിയാനോ ഗ്രോസി. യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിൽ ആണവ സാമഗ്രികളും നിലയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഐഎഇഎയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ജപ്പാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കരാർ പ്രകാരം മേൽനോട്ടം വഹിക്കണമെങ്കിൽ സ്വാഭാവികമായും ഞങ്ങൾക്ക് അവിടെ പരിശോധന നടത്തേണ്ടതുണ്ട്. ഇത് മറ്റന്നാൾ നടക്കുമോ, അതോ ഒരാഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ നടക്കുമോ എന്നത് പ്രാധാന്യമുള്ള കാര്യമാണെങ്കിലും അത്യാവശ്യമായ കാര്യമല്ല. എന്നാൽ പരിശോധന നടക്കുക തന്നെ ചെയ്യും,” അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പ്രകാരം ഗ്രോസി വ്യക്തമാക്കി.
ആണവ നിലയങ്ങളിൽ യുഎൻ സംഘത്തിന് നിലവിൽ യാതൊരു പരിശോധനാ അനുമതിയും നൽകിയിട്ടില്ലെന്നും ഉപരോധങ്ങൾ പൂർണ്ണമായി നീക്കിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കൂ എന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഐഎഇഎ മേധാവിയുടെ ഈ പ്രതികരണം. എന്നാൽ, ആണവ നിലയങ്ങളിൽ കൂടുതൽ കർശനമായ പരിശോധനകൾ നടത്താൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന നിലപാടിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉറച്ചുനിൽക്കുകയാണ്.
ഈ വർഷം ജൂൺ ആദ്യവാരത്തിൽ ഇറാന്റെ സജീവമായ ഒരു ആണവ നിലയത്തിൽ ഐഎഇഎ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, 2025-ൽ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ തകർന്ന ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞ ഒരു വർഷമായി യുഎൻ ഇൻസ്പെക്ടർമാർക്ക് അനുമതി ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ സമാധാന കരാറിന്റെ ഭാഗമായുള്ള ഈ വരാനിരിക്കുന്ന സന്ദർശനം ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്നത്.













