അമേരിക്ക ആവശ്യപ്പെട്ടാലും കേൾക്കില്ല, പിന്മാറില്ലെന്ന ഉറച്ച നിലപാടിൽ ഇസ്രയേൽ; ലെബനനിലെ സുരക്ഷാ മേഖലകളിൽ തുടരുമെന്ന് പ്രതിരോധ മന്ത്രി

ടെൽ അവീവ്: അമേരിക്ക ആവശ്യപ്പെട്ടാൽ പോലും ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിലെ സുരക്ഷാ മേഖലകളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഒരു കാരണവശാലും ലെബനനിൽ നിന്ന് പിന്മാറില്ലെന്ന് തങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും, നിലവിൽ ഇസ്രായേൽ പിന്മാറണം എന്നൊരു ആവശ്യം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് തങ്ങളുടെ നയതന്ത്ര വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ടെൽ അവീവിൽ നടന്ന ‘മുനി എക്സ്പോ’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ ഇസ്രായേലിന്റെ വ്യക്തമായ നിലപാട് താൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇതേ വിഷയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും കാറ്റ്‌സ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലബനനും തമ്മിലുള്ള സമാധാന ചർച്ചകളുടെ രണ്ടാം ദിവസം പുരോഗമിക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ ഈ കടുത്ത പ്രതികരണം.

ലെബനൻ അതിർത്തിയിലെ തങ്ങളുടെ സുരക്ഷാ താവളങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് കാറ്റ്‌സ് മുൻപും സൂചിപ്പിച്ചിരുന്നെങ്കിലും, അമേരിക്കൻ സമ്മർദ്ദമുണ്ടായാൽ പോലും അതിന് തയ്യാറല്ലെന്ന് അദ്ദേഹം ഇപ്പോൾ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചർച്ചകളുടെ ഭാഗമായി ലെബനൻ സർക്കാരിനെ അനുനയിപ്പിക്കുന്നതിനായി തെക്കൻ ലബനനിലെ ചില പ്രദേശങ്ങളിൽ നിന്ന് പ്രതീകാത്മകമായി പിന്മാറാൻ ഇസ്രായേൽ ആലോചിക്കുന്നതായി നേരത്തെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ പൂർണ്ണമായും തള്ളുന്നതാണ് പ്രതിരോധ മന്ത്രിയുടെ പുതിയ പ്രസ്താവന. ഹിസ്ബുള്ളയെ പൂർണ്ണമായും നിരായുധരാക്കുന്നത് വരെ ലബനനിലെ തങ്ങളുടെ സൈനിക സാന്നിധ്യം തുടരുമെന്നും, അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഒഴിപ്പിച്ചുമാറ്റിയ രണ്ട് ലക്ഷത്തോളം വരുന്ന ലബനൻ പൗരന്മാരെ തിരികെ വരാൻ അനുവദിക്കില്ലെന്നും ഇസ്രായേൽ കാറ്റ്‌സ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide