
ബക്കു (അസർബൈജാൻ): ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളുമായി സുസ്ഥിരമായ സാമ്പത്തിക സഹകരണത്തിനൊപ്പം സംയുക്ത സുരക്ഷാ കരാറുകളിൽ ഏർപ്പെടാനും ഇറാൻ തയാറാണെന്ന് ഇറാന്റെ ചർച്ചകളുടെ നേതാവും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖിർ ഖാലിബാഫ്. അസർബൈജാനിലെ ബക്കുവിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ (OIC) പാർലമെന്ററി യൂണിയൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇസ്രായേലുമായി അടുത്തിടെയുണ്ടായ യുദ്ധം വെറുമൊരു സൈനിക ഏറ്റുമുട്ടൽ മാത്രമല്ലെന്നും, മറിച്ച് മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ സന്തുലിതാവസ്ഥ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നെന്നും ഖാലിബാഫ് ആരോപിച്ചു. മേഖലയിലെ സമാധാനത്തിന് പ്രാദേശിക കൂട്ടായ്മകൾക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വിറ്റ്‌സർലൻഡിൽ വെച്ച് യുഎസും ഇറാനും ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിനെ ആശങ്കയോടെ കാണുന്ന ഗൾഫ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ ഗൾഫ് മേഖല സന്ദർശിക്കുകയാണ്. യുദ്ധസമയത്ത് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈൻ, കുവൈത്ത് എന്നീ മൂന്ന് പ്രധാന രാജ്യങ്ങളുമായാണ് റൂബിയോ ചർച്ച നടത്തുന്നത്. ഇറാന്റെ വാഗ്ദാനങ്ങളിൽ കടുത്ത സംശയമുള്ള ഈ രാജ്യങ്ങൾക്ക് സുരക്ഷാ ഉറപ്പുകൾ നൽകാനാണ് അമേരിക്കയുടെ ശ്രമം.
കഴിഞ്ഞ ആഴ്ച യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രം പ്രകാരം മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനും, തടസ്സപ്പെട്ടുകിടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനും തീരുമാനമായിരുന്നു. പകരമായി ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പിന്മേൽ അവർക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായിട്ടുണ്ട്. എന്നാൽ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവി ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ അടുത്ത 60 ദിവസത്തെ കടുത്ത ചർച്ചകളിലൂടെ വേണം പരിഹരിക്കാൻ. നിലവിൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെങ്കിലും, അടുത്ത ആഴ്ചയോടെ യുഎസും ഇറാനും തമ്മിലുള്ള സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. ചർച്ചകൾ നിർത്തിവെച്ചിട്ടില്ലെന്നും ഇതൊരു താൽക്കാലിക ഇടവേള മാത്രമാണെന്നും പാകിസ്ഥാൻ അറിയിച്ചു.













