ആദ്യം കരാ‍ർ, പിന്നെ പരിശോധന; അവസാന ഉടമ്പടിക്ക് ശേഷം മാത്രം ആണവ നിലയങ്ങളിൽ തീരുമാനമെന്ന് ഇറാൻ; വാക് പോര് മുറുകുന്നു

ടെഹ്‌റാൻ: യുഎസ്-ഇറാൻ ചർച്ചകൾക്ക് പിന്നാലെ ആണവ നിലയങ്ങളിലെ പരിശോധനയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നു. യുഎൻ ഇൻസ്പെക്ടർമാർക്ക് ഇറാന്റെ ആണവ നിലയങ്ങളിൽ പരിശോധന നടത്താൻ നിലവിൽ യാതൊരു അനുമതിയും നൽകിയിട്ടില്ലെന്നും, ഉപരോധങ്ങൾ പൂർണ്ണമായി നീക്കിക്കൊണ്ടുള്ള അന്തിമ കരാറിലെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ ഇറാന്റെ സാങ്കേതിക പ്രതിനിധി സംഘത്തെ നയിച്ച വ്യക്തിയാണ് ഗരീബാബാദി. അടുത്തിടെ ആക്രമണത്തിന് ഇരയായ ആണവ നിലയങ്ങളിലോ ആണവ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലോ പരിശോധന നടത്താൻ യുഎൻ സംഘത്തിന് നിലവിൽ യാതൊരു പദ്ധതിയും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു. വാഷിംഗ്ടണുമായി ഉണ്ടാക്കുന്ന അന്തിമ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കും ഈ വിഷയങ്ങൾ പരിശോധിക്കുക. കൂടാതെ, ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നതിൽ മറുവിഭാഗം (അമേരിക്ക) സ്വീകരിക്കുന്ന പ്രായോഗിക നടപടികളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രചാരണം നടത്തി സമ്മർദ്ദം ചെലുത്താൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം യുഎന്നിന് മുന്നറിയിപ്പ് നൽകി.

എന്നാൽ, ഇതിന് തൊട്ടുമുമ്പ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ മരിയാനോ ഗ്രോസി മാധ്യമങ്ങളോട് പറഞ്ഞത് തങ്ങളുടെ ഇൻസ്പെക്ടർമാർ ഉടൻ തന്നെ ഇറാന്റെ ആണവ നിലയങ്ങൾ സന്ദർശിക്കുമെന്നാണ്. “ഇന്ന് അല്ലെങ്കിൽ നാളെ, അല്ലെങ്കിൽ ഒരാഴ്ചയ്ക്കോ പത്ത് ദിവസത്തിനുള്ളിലോ ഇത് സംഭവിക്കും. പരിശോധന നടക്കും എന്നത് ഉറപ്പാണ്,” എന്നായിരുന്നു ഗ്രോസിയുടെ പ്രതികരണം.

ഇറാന്റെ ആണവ ശേഖരത്തിന്റെ ഭാവി സംബന്ധിച്ച തർക്കങ്ങളാണ് ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ദീർഘകാല സമാധാന ചർച്ചകളിലെ പ്രധാന തടസ്സം. കഴിഞ്ഞ ആഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് നടന്ന ചർച്ചയ്ക്ക് ശേഷം അമേരിക്കൻ-ഇറാനിയൻ പ്രതിനിധികൾ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ നിലയങ്ങളിൽ എക്കാലത്തേക്കും വലിയ തോതിലുള്ള പരിശോധനകൾ നടത്താൻ സമ്മതിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎൻ ഇൻസ്പെക്ടർമാരെ പ്രവേശിപ്പിക്കാൻ ഇറാൻ തയാറായതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് ഇറാന്റെ പുതിയ ഔദ്യോഗിക പ്രതികരണം.

More Stories from this section

family-dental
witywide