
ന്യൂഡൽഹി: ഇന്ത്യയുമായി അമേരിക്ക ഉടൻ തന്നെ ഒരു ചരിത്രപ്രധാനമായ വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തൻ്റെ വ്യക്തിപരമായ സൗഹൃദത്തെ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.
“എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. അദ്ദേഹം എൻ്റെ ഒരു നല്ല സുഹൃത്താണ്, ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്,” ട്രംപ് പറഞ്ഞു. മുൻകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വ്യാപാര അസന്തുലിതാവസ്ഥ ഇപ്പോൾ പൂർണ്ണമായും മാറിയതായി അദ്ദേഹം അവകാശപ്പെട്ടു. വർഷങ്ങളായി ഇന്ത്യ ഉയർന്ന താരിഫുകൾ ഈടാക്കി അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ സ്ഥിതി നേരെ തിരിഞ്ഞതായും ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ യുഎസിന് വലിയ ലാഭമാണ് ഉണ്ടാകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ജൂൺ 1 മുതൽ 4 വരെ ന്യൂഡൽഹിയിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നാല് ദിവസത്തെ നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള സംഘവും ഇന്ത്യൻ പ്രതിനിധികളും തമ്മിലായിരുന്നു ചർച്ച. ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടികൾ, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഒരു താത്കാലിക വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്നാണ് സൂചന. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും, ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും ചർച്ചകൾ ഭൂരിഭാഗവും പൂർത്തിയായതായും ചില ചെറിയ കാര്യങ്ങളിൽ മാത്രമാണ് ഇനി തീരുമാനം ആകാനുള്ളതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക താരിഫ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം ആശങ്ക പരത്തുന്നുണ്ട്. നിർബന്ധിത തൊഴിൽ വഴിയുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനുള്ള യുഎസ് ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരമുള്ള അവലോകനവും ഇതിൽ ഉൾപ്പെടുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത രാജ്യങ്ങൾക്ക് 12.5% വരെ നികുതി നേരിടേണ്ടി വന്നേക്കാം. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാൻ, യുകെ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഈ നിരീക്ഷണത്തിലാണ്.
എന്നിരുന്നാലും, ഈ നികുതി ആശങ്കകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള താത്കാലിക വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യയും അമേരിക്കയും.
US President Donald Trump says US will soon sign a historic trade deal with India















