15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഫ്രാൻസ്; ചരിത്രപരമായ നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം

പാരീസ്: കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി ഫ്രഞ്ച് പാർലമെന്റ്. രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് പൗരന്മാർ ഇനി പ്രായം തെളിയിക്കേണ്ടിവരും. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറി. ബ്രിട്ടനും യൂറോപ്യൻ യൂണിയനും കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതിനിടെയാണ് ഫ്രാൻസിന്റെ ഈ സുപ്രധാന നീക്കം.

രണ്ടു ഘട്ടങ്ങളിലായാണ് സർക്കാർ ഈ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത്. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന ആദ്യ ഘട്ടത്തിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് പുതിയ അക്കൗണ്ടുകൾ തുടങ്ങാൻ കഴിയില്ല. കൂടാതെ പുതിയതായി അക്കൗണ്ട് തുറക്കുന്ന എല്ലാവർക്കും പ്രായപരിധി സ്ഥിരീകരണം നിർബന്ധമാക്കുകയും ചെയ്യും. തുടർന്ന് 2027 ജനുവരി മുതൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ടത്തിൽ നിരോധനം നിലവിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ബാധകമാകും. ഇതോടെ ഫ്രാൻസിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും തങ്ങൾക്ക് 15 വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്ന് തെളിയിക്കേണ്ടിവരും.

ഫ്രഞ്ച് ഡാറ്റാ സംരക്ഷണ ഏജൻസി അംഗീകരിച്ച പ്രത്യേക ഏജ്-വെരിഫിക്കേഷൻ സംവിധാനങ്ങൾ വഴിയായിരിക്കും കമ്പനികൾ ഉപയോക്താക്കളുടെ പ്രായം ഉറപ്പുവരുത്തുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇതിനായി ഉപയോഗിക്കുന്ന ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങൾ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ഫ്രഞ്ച് സർക്കാറിന്റെ നിലപാട്.

എന്നാൽ, നിയമത്തിനെതിരെ പ്രതിപക്ഷമായ ഇടതുപക്ഷ കക്ഷികളിൽ നിന്നും ചില ഡിജിറ്റൽ വിദഗ്ധരിൽ നിന്നും കടുത്ത വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. പ്രായം പരിശോധിക്കുന്നതിനായി സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. കൂടാതെ, സോഷ്യൽ മീഡിയ വിലക്കുന്നത് വഴി കുട്ടികൾ നിയമപരമായ നിയന്ത്രണങ്ങളില്ലാത്ത കൂടുതൽ അപകടകരമായ മറ്റ് ഓൺലൈൻ ഇടങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിലേക്ക് വാർത്തകൾ എത്തുന്നതും അവരുടെ സാങ്കേതികവും സാമൂഹികവുമായ അറിവുകൾ പരിമിതപ്പെടുന്നതും ഇതിന്റെ മറ്റൊരു പാർശ്വഫലമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓസ്‌ട്രേലിയക്ക് ശേഷം ഇത്തരം ഒരു കർശന നിയമം കൊണ്ടുവരുന്ന രണ്ടാമത്തെ രാജ്യമാണ് ഫ്രാൻസ്. എന്നാൽ മുൻപ് ഓസ്‌ട്രേലിയ 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇപ്പോഴും പത്തിൽ ഏഴ് കുട്ടികളും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തുടരുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കുട്ടികളെ പൂർണ്ണമായി ഒഴിവാക്കാതെ അവരെക്കൂടി കേട്ടുകൊണ്ട് വേണം ഇത്തരം നിയമങ്ങൾ നടപ്പിലാക്കാനെന്നാണ് ഈ രംഗത്തെ ഗവേഷകർ അഭിപ്രായപ്പെടുന്നത്.

France bans social media for children under 15; Parliament approves historic law

More Stories from this section

family-dental
witywide