ഇറാൻ അയഞ്ഞപ്പോൾ ട്രംപ് കളിമാറ്റി; ഉടമ്പടി ഒപ്പിടുംവരെ ഇറാനിലെ നാവിക ഉപരോധം പിൻവലിക്കില്ലെന്നും തുറമുഖങ്ങൾ തുറക്കില്ലെന്നും യുഎസ്, എങ്കിൽ ഹോർമുസ് അടയ്ക്കുമെന്ന് ഇറാൻ്റെ തിരിച്ചടി

ടെഹ്റാൻ/ വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണ്ണമായും തുറന്നുകൊടുത്തതായി ഇറാൻ പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധി തുടരുന്നു. ലബനൻ-ഇസ്രായേൽ വെടിനിർത്തൽ നിലവിൽ വന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഇറാനുമായുള്ള സമാധാന കരാർ അന്തിമമാകും വരെ അമേരിക്കൻ ഉപരോധം തുടരുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നു” എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു. ഇറാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്നും, ഇതിനായി ഇറാൻ്റെ നാവികസേനയുമായി ഏകോപനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അമേരിക്ക ഇറാനിൽ നാവിക ഉപരോധം തുടരുകയാണെങ്കിൽ തങ്ങൾക്കും മാറിച്ചിന്തിക്കേണ്ടി വരുമെന്ന് ഇറാൻ്റെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി. ട്രംപിൻ്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷമായ ആക്രമണമാണ് ഇറാൻ പാർലമെൻ്റ് സ്പീക്കർ നടത്തിയത്. ട്രംപ് വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും, സമ്മർദ്ദം തുടരുന്നത് മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ഉപരോധം തുടരുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് തുറന്നിടില്ല,’ ഘാലിബാഫ് എക്‌സിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ്റെ ‘അനുമതിയോടെയും’ ഇറാൻ നിശ്ചയിക്കുന്ന ‘പ്രത്യേക പാതയിലൂടെയും’ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് ഏഴ് അവകാശവാദങ്ങൾ ഉന്നയിച്ചെന്നും എന്നാൽ അവയെല്ലാം തെറ്റാണെന്നും ഘാലിബാഫ് പറഞ്ഞു. ആ ഏഴ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും, കടലിടുക്കിൻ്റെ അവസ്ഥ തീരുമാനിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ‘കടലിടുക്ക് തുറന്നിടണമോ അടയ്ക്കണമോ എന്നതും അതിൻ്റെ നിയമങ്ങളും തീരുമാനിക്കുന്നത് യുദ്ധക്കളത്തിലാണ് (In the field), അല്ലാതെ സോഷ്യൽ മീഡിയയിലല്ല,’ എന്ന് അദ്ദേഹം കുറിച്ചു.”

യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ല; ഉറച്ച നിലപാടിൽ ഇറാൻ

അതേസമയം, ഇറാൻ കടലിടുക്ക് തുറന്നതിനെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് സ്വാഗതം ചെയ്തെങ്കിലും സമാധാന കരാറിൽ ഇറാൻ നൂറു ശതമാനം ഒപ്പിടുന്നത് വരെ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം (Naval Blockade) മാറ്റില്ലെന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണം എന്നതടക്കമുള്ള കർശന ഉപാധികളാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. യുറേനിയം നീക്കം ചെയ്യാൻ അമേരിക്കൻ സൈന്യം നേരിട്ട് ഇറാനിൽ ഇറങ്ങില്ലെന്നും ട്രംപ് പറയുന്നു. എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറുന്ന കാര്യത്തിൽ അമേരിക്കയുമായി ധാരണയിലെത്തിയെന്ന വാർത്തകൾ ഇറാൻ തള്ളി. തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായ് ആണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്.
യുറേനിയം നീക്കം ചെയ്യാൻ ഇറാൻ സമ്മതിച്ചുവെന്നും ഇരുവിഭാഗവും ഈ വാരാന്ത്യം കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് പ്രസിഡൻ്റ് ട്രംപ് സിബിഎസ് ന്യൂസിനോട് പറഞ്ഞിരുന്നു. ഈ അവകാശവാദമാണ് ഇറാൻ ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.

ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് അവർ കൈമാറുമെന്ന് ട്രംപ് മുമ്പ് പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഇറാൻ അതെല്ലാം നിഷേധിച്ചിരുന്നു. “ഇറാൻ ഇനി ഒരിക്കലും ഹോർമുസ് അടയ്ക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്” എന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഇതും തള്ളിക്കളഞ്ഞു. എങ്കിലും കടലിടുക്ക് തുറന്നത് “ലോകത്തിന് മികച്ചതും തിളക്കമാർന്നതുമായ ഒരു ദിവസമാണെന്ന്” അദ്ദേഹം വിശേഷിപ്പിച്ചു.

കടലിടുക്ക് തുറന്നതായി ഇറാനും, സ്വാഗതം ചെയ്തതായി യുഎസും പ്രഖ്യാപിച്ചെങ്കിലും, ഉപരോധവും ആണവ കരാറിലെ തർക്കങ്ങളും കാരണം ഇറാനും അമേരിക്കയും തമ്മിലുള്ള “മഞ്ഞുരുകൽ” പൂർണ്ണമായിട്ടില്ല എന്നത് വ്യക്തം. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന്, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് ഇറാൻ ഫലപ്രദമായി തടഞ്ഞിരിക്കുകയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കുകയാണ്.

US says it will not lift naval sanctions on Iran and open ports until agreement is signed. then Iran will close Hormuz

More Stories from this section

family-dental
witywide