
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ട്രംപും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം നിലവിൽ ഏറ്റവും മികച്ച ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിൻ്റെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യ സന്ദർശിക്കുമെന്നും റൂബിയോ പറഞ്ഞു.
“അടുത്ത വർഷം ആദ്യം പ്രസിഡൻ്റ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന തരത്തിലാണ് നിലവിലെ ക്രമീകരണങ്ങൾ മുന്നോട്ട് പോകുന്നത്. അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യ. ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധം നയതന്ത്രതലത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്,” യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. സന്ദർശനം യാഥാർത്ഥ്യമായാൽ, ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിൽ അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമായിരിക്കും ഇത്. 2020 ഫെബ്രുവരിയിലാണ് ട്രംപ് ഇതിന് മുൻപ് ഇന്ത്യയിലെത്തിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്ന് റൂബിയോ സൂചിപ്പിച്ചു. ഫ്രാൻസിലെ ഇവിയാനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നടത്തിയ ചർച്ചകൾ വളരെ പോസിറ്റീവായിരുന്നു. വ്യാപാര കരാറിൻ്റെ അവസാന വട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പുറമെ ഇരുരാജ്യങ്ങളും ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിൻ്റെ അടുത്ത യോഗത്തിനായുള്ള തയാറെടുപ്പുകളും പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ റൂബിയോ പ്രശംസിച്ചു. താൻ മോദിയുടെ ഒരു വലിയ ആരാധകനാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ആഗോളതലത്തിൽ ഇന്ത്യയുടെ പദവി ഉയർത്തിയതിൽ പ്രധാനമന്ത്രി വഹിച്ച പങ്ക് വലുതാണെന്നും “മോദി ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റി” എന്നും കൂട്ടിച്ചേർത്തു.
ഊർജ്ജ മേഖലയിലെ സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ധന വിതരണം വർദ്ധിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയാണ്. കനത്ത ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
US Secretary of State Marco Rubio announced that US President Donald Trump will visit India early next year.















