
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണ്ണായക ഉച്ചകോടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാൻ്റെ സൈനിക നീക്കങ്ങളെ സഹായിച്ചു എന്നാരോപിച്ചാണ് നടപടി.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികർക്കെതിരായ ആക്രമണങ്ങൾക്ക് ഇറാനെ സഹായിക്കുന്ന രീതിയിൽ ഉപഗ്രഹ ചിത്രങ്ങൾ നൽകിയതിനാണ് മൂന്ന് ചൈനീസ് സ്ഥാപനങ്ങൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഉപരോധം ഏർപ്പെടുത്തിയത്. കൂടാതെ, ഇറാൻ്റെ മിസൈൽ-ഡ്രോൺ നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിക്കാൻ സഹായിച്ച പത്തോളം വ്യക്തികൾക്കും കമ്പനികൾക്കും ട്രഷറി ഡിപ്പാർട്ട്മെൻ്റും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇറാനെ സഹായിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഏകപക്ഷീയമായ ഉപരോധങ്ങളെ അംഗീകരിക്കില്ലെന്നും തങ്ങളുടെ കമ്പനികളെ സംരക്ഷിക്കുമെന്നും ചൈന പ്രതികരിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ പ്രഖ്യാപിക്കപ്പെട്ട ഈ പുതിയ ഉപരോധങ്ങൾ വരാനിരിക്കുന്ന ട്രംപ്-ഷി കൂടിക്കാഴ്ചയിൽ വലിയ നിഴൽ വീഴ്ത്തിയേക്കാം.
ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും മെയ് 14, 15 തീയതികളിൽ ബീജിംഗിൽ വെച്ചാണ് കൂടിക്കാഴ്ച. രണ്ടാം തവണ അധികാരമേറ്റ ശേഷം ഡോണൾഡ് ട്രംപ് നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്. മിഡിൽ ഈസ്റ്റിൽ പുകയുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം തന്നെയാണ് ചർച്ചകളിലെ പ്രധാന അജണ്ട. കഴിഞ്ഞ ഒക്ടോബറിൽ ബുസാനിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ചയെങ്കിലും, ചൈനീസ് കമ്പനികൾക്ക് മേൽ അമേരിക്ക പുതുതായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ ചർച്ചകളെ ബാധിച്ചേക്കാം. തായ്‌വാൻ വിഷയം, നിർമ്മിത ബുദ്ധി മേഖലയിലെ സഹകരണം എന്നിവയും ഉച്ചകോടിയിൽ ചർച്ചയാകും. ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച ആഗോള വിപണിയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.
US takes decisive step just before Trump-Xi meeting; sanctions Chinese companies















