യുഎസ് വിസ നിയമങ്ങൾ അടിമുടി മാറി; നാട്ടിലേക്ക് മടങ്ങാൻ പേടിയുള്ളവർക്ക് ഇനി അമേരിക്കയിലേക്ക് പ്രവേശനമില്ല

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അനുവദിക്കുന്നതിൽ പുതിയ കർശന നിബന്ധനകളുമായി അമേരിക്ക. അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ സ്വന്തം രാജ്യത്ത് പീഡനങ്ങൾ നേരിടുന്നില്ലെന്നും അവിടേക്ക് മടങ്ങുന്നതിൽ യാതൊരുവിധ ഭയവുമില്ലെന്നും ഇനി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തണം. കുടിയേറ്റം നിയന്ത്രിക്കുന്നതിൻ്റെയും വിസ ഉപയോഗിച്ച് അമേരിക്കയിലെത്തി അഭയം തേടുന്നത് തടയുന്നതിൻ്റെയും ഭാഗമായാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്.

വിദേശങ്ങളിലെ എല്ലാ യുഎസ് എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം നൽകിക്കഴിഞ്ഞു. വിസ അഭിമുഖ വേളയിൽ അപേക്ഷകരോട് പ്രധാനമായും രണ്ട് ചോദ്യങ്ങൾ ചോദിക്കാൻ കോൺസുലർ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്: നിങ്ങളുടെ മാതൃരാജ്യത്തോ സ്ഥിരതാമസമുള്ള രാജ്യത്തോ നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങളോ പീഡനങ്ങളോ അനുഭവിച്ചിട്ടുണ്ടോ? നിങ്ങളുടെ മാതൃരാജ്യത്തേക്കോ സ്ഥിരതാമസമുള്ള രാജ്യത്തേക്കോ മടങ്ങിപ്പോകുന്നതിൽ നിങ്ങൾ ഭയപ്പെടുന്നുണ്ടോ?ഈ രണ്ട് ചോദ്യങ്ങൾക്കും ‘ഇല്ല’ എന്ന് മറുപടി നൽകുന്നവരുടെ അപേക്ഷകൾ മാത്രമേ തുടർനടപടികൾക്കായി പരിഗണിക്കുകയുള്ളൂ. പീഡനം അനുഭവിക്കുന്നുണ്ടെന്നോ മടങ്ങാൻ ഭയമുണ്ടെന്നോ പറയുന്നവരുടെ വിസ അപേക്ഷകൾ ഉടൻ നിരസിക്കും.

ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, താൽക്കാലിക ജോലി വിസകൾ എന്നിവയിൽ അമേരിക്കയിലെത്തിയ ശേഷം രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങൾ പറഞ്ഞ് അഭയം തേടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ നാട്ടിൽ സുരക്ഷിതരാണെന്ന് സമ്മതിക്കുന്നവർക്ക് പിന്നീട് അമേരിക്കയിൽ വന്ന് അഭയാർത്ഥി പദവിക്ക് അപേക്ഷിക്കാൻ നിയമപരമായി തടസ്സമുണ്ടാകും. രാജ്യസുരക്ഷയുടെ കാര്യത്തിൽ വിസ ഓഫീസർമാരാണ് ആദ്യത്തെ പ്രതിരോധ നിരയെന്നും നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ എല്ലാ പഴുതുകളും അടയ്ക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി.

പുതിയ നിയമം ഇന്ത്യൻ വിദ്യാർത്ഥികളെയും വിനോദസഞ്ചാരികളെയും ഉൾപ്പെടെ സാരമായി ബാധിക്കും. വിസാ നടപടികളിൽ കൂടുതൽ സൂക്ഷ്മപരിശോധനകൾ ഇനി ഉണ്ടാകും. ഇതിനകം തന്നെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ പുതിയ നയം മനുഷ്യാവകാശ ലംഘനമാണെന്ന് കുടിയേറ്റ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ ജീവന് ഭീഷണിയുള്ളവർ പോലും വിസ ലഭിക്കാൻ വേണ്ടി കള്ളം പറയേണ്ടി വരുമെന്നും ഇത് ആളുകളെ മനുഷ്യക്കടത്ത് പോലുള്ള അപകടകരമായ മാർഗ്ഗങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

US visas are no longer easy; Applicants must affidavit that they are safe in their home country

More Stories from this section

family-dental
witywide