ഇറാൻ്റെ ആണവശേഖരം എങ്ങനെയെങ്കിലും കൈക്കലാക്കും: മുന്നറിയിപ്പുമായി ട്രംപ്; നടക്കില്ലെന്ന് ഇറാൻ

വാഷിംഗ്ടൺ: ഇറാൻ്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെയെങ്കിലും അമേരിക്ക കൈക്കലാക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ “കൂടുതൽ ശത്രുതാപരമായ രീതിയിൽ” ഇതിനായുള്ള നീക്കം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈനിക നീക്കമുൾപ്പെടെയുള്ള കടുത്ത നടപടികളിലൂടെ ലക്ഷ്യം കാണുമെന്നാണ് അദ്ദേഹം സൂചന നൽകിയിരിക്കുന്നത്. എന്നാൽ ട്രംപിൻ്റെ വാദങ്ങൾ വെറും കെട്ടുകഥകളാണെന്ന് ഇറാനും പ്രതികരിച്ചു.

അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ എല്ലാ നിബന്ധനകളും അംഗീകരിച്ചിട്ടുണ്ടെന്നാണ് ട്രംപിൻ്റെ വാദം. യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്ന് സിബിഎസ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. “നമ്മൾ ഒരു കരാറിലെത്തിക്കഴിഞ്ഞാൽ പിന്നെ യുദ്ധത്തിൻ്റെ ആവശ്യമില്ല. അവരോടൊപ്പം ചേർന്ന് തന്നെ ആ ശേഖരം നമ്മൾ എടുക്കും,” ട്രംപ് വ്യക്തമാക്കി. ഇതിനായി അമേരിക്കൻ കാലാൾപ്പടയെ ഇറാൻ മണ്ണിലേക്ക് അയക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് അരിസോണയിൽ നടന്ന ഒരു റാലിയിൽ, ഇറാനുമായുള്ള കരാറിലെ പ്രധാന പോയിൻ്റുകൾ വിശദീകരിക്കവെ അദ്ദേഹം ഈ അവകാശവാദം ആവർത്തിച്ചു.
“അമേരിക്കക്ക് എല്ലാ ‘ആണവ പൊടിയും’ (Nuclear dust) ലഭിക്കും. എന്താണ് ഈ ആണവ പൊടിയെന്ന് നിങ്ങൾക്കറിയാമോ? നമ്മുടെ ബി-2 ബോംബറുകൾ സൃഷ്ടിച്ച വെളുത്ത പൊടി പോലുള്ള പദാർത്ഥമാണത്… നമ്മൾ അത് എങ്ങനെയായാലും എടുക്കുമായിരുന്നു. എന്നാൽ ആ രീതിയിൽ (ആക്രമണത്തിലൂടെ) അത് എടുക്കുന്നത് അല്പം കൂടി അപകടകരമാണ്,” ട്രംപ് പറഞ്ഞു. ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ സൂചിപ്പിക്കാനാണ് ട്രംപ് “ആണവ പൊടി” എന്ന വാക്ക് ഉപയോഗിച്ചത്. എന്നാൽ ആണവോർജ്ജ രംഗത്ത് ഇങ്ങനെയൊരു സാങ്കേതിക പദം നിലവിലില്ല.

ട്രംപിൻ്റെ പ്രസ്താവനകളെ ‘ബദൽ വസ്തുതകൾ’ എന്ന് വിളിച്ച് ഇറാൻ പരിഹസിച്ചു. യുറേനിയം ശേഖരം കൈമാറുന്ന കാര്യം ചർച്ച ചെയ്യാൻ പോലും സാധിക്കാത്ത ഒന്നാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ തങ്ങൾക്കും ബാധകമാണെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, യുറേനിയം സമ്പുഷ്ടീകരണത്തെ ചൊല്ലിയുള്ള തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഇപ്പോഴും വലിയ പ്രതിസന്ധിയായി തുടരുകയാണ്.

US will take Iran’s Iran’s uranium somehow, says Trump

More Stories from this section

family-dental
witywide