‘എന്നെ മതം മാറ്റാൻ ജെ.ഡിക്ക് താല്പര്യമുണ്ടെന്നാണ് ആളുകൾ ചിന്തിക്കുന്നത്, അത് തെറ്റിദ്ധാരണ’: ഭർത്താവിൻ്റെ വിശ്വാസത്തെയും ദാമ്പത്യത്തെയും കുറിച്ച് മനസ്സ് തുറന്ന് ഉഷ വാൻസ്

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിച്ച് ഭാര്യയും യുഎസ് സെക്കൻഡ് ലേഡിയുമായ ഉഷ വാൻസ്. വൈസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ച് ‘സൺഡേ മോർണിംഗ്’ നാഷണൽ കറസ്‌പോണ്ടൻ്റ് റോബർട്ട് കോസ്റ്റയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉഷ വാൻസ് മനസ്സുതുറന്നത്. മതം, വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചെല്ലാം ദമ്പതികൾ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

നാലും ആറും ഒൻപതും വയസ്സുള്ള മൂന്ന് കുട്ടികളോടൊപ്പം വൈസ് പ്രസിഡൻ്റിൻ്റെ വസതിയിലാണ് ഈ യുവകുടുംബം ഇപ്പോൾ താമസിക്കുന്നത്. തങ്ങൾക്ക് ഉടൻ തന്നെ നാലാമതൊരു കുട്ടി കൂടി ഉണ്ടാകാൻ പോകുന്നതിൻ്റെ സന്തോഷവും ദമ്പതികൾ അഭിമുഖത്തിൽ പങ്കുവെച്ചു. വൈസ് പ്രസിഡൻ്റിൻ്റെ ഈ വലിയ വസതിയെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് തന്നെ തമാശ പറഞ്ഞ് കളിയാക്കാറുണ്ടെന്ന് ജെഡി വാൻസ് ചിരിയോടെ പറഞ്ഞു. “നിനക്ക് എന്നേക്കാൾ നല്ല വീടാണല്ലോ ഉള്ളത് എന്ന് പ്രസിഡൻ്റ് ചിലപ്പോൾ എന്നോട് പറയാറുണ്ട്,” വാൻസ് വ്യക്തമാക്കി.

ചർച്ചയായി വാൻസിൻ്റെ പുതിയ പുസ്തകം

ജെഡി വാൻസിൻ്റെ പുതിയ പുസ്തകമായ ‘കമ്മ്യൂണിയൻ: ഫൈൻഡിംഗ് മൈ വേ ബാക്ക് ടു ഫെയ്ത്ത്’ എന്ന പുസ്തകത്തെക്കുറിച്ചും അഭിമുഖത്തിൽ ചർച്ചയായി. 2019-ൽ അദ്ദേഹം കത്തോലിക്കാ മതം സ്വീകരിച്ചതിനെക്കുറിച്ചും, അത് അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും വരുത്തിയ മാറ്റങ്ങളുമാണ് പുസ്തകത്തിലുള്ളത്. ഭർത്താവിൻ്റെ ഈ വിശ്വാസയാത്ര തങ്ങളുടെ ബന്ധത്തെ പോസിറ്റീവായി സ്വാധീനിച്ചുവെന്ന് ഉഷ വാൻസ് പറഞ്ഞു. “നിനക്ക് കൗൺസിലിംഗിനേക്കാൾ ഫലിച്ചത് പള്ളിയിലെ പ്രാർത്ഥനകളാണ്,” എന്ന് താൻ ഒരിക്കൽ ഭർത്താവിനോട് പറഞ്ഞിരുന്ന കാര്യവും അവർ ഓർത്തെടുത്തു.

തുടർച്ചയായ മാറ്റങ്ങളും അസ്ഥിരതയും നിറഞ്ഞതായിരുന്നു ജെഡി വാൻസിൻ്റെ കുട്ടിക്കാലം. മാതാപിതാക്കളുടെ വേർപിരിയലും മറ്റും കാരണം മുത്തശ്ശൻമാരുടെ കൂടെയും ബന്ധുക്കളുടെ കൂടെയുമാണ് അദ്ദേഹം വളർന്നത്. കുട്ടിക്കാലത്തെ ഈ അരാജകത്വത്തിന് ശേഷം ജീവിതത്തിൽ ഒരു മികച്ച സ്ഥിരതയും സമാധാനവും കണ്ടെത്താൻ സഹായിച്ചത് കത്തോലിക്കാ വിശ്വാസമാണെന്ന് വാൻസ് വ്യക്തമാക്കുന്നു.

കാലിഫോർണിയയിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ഉഷ വളർന്നത്. തങ്ങളുടെ വ്യത്യസ്തമായ വിശ്വാസങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ പല തെറ്റിദ്ധാരണകളും ഉണ്ടെന്ന് സെക്കൻഡ് ലേഡി ചൂണ്ടിക്കാട്ടി. “എന്നെ മതം മാറ്റാൻ ജെഡിക്ക് വലിയ താല്പര്യമുണ്ടായിരുന്നു എന്ന രീതിയിലാണ് ആളുകൾ ചിന്തിക്കുന്നത്. എന്നാൽ അത് പൂർണ്ണമായും തെറ്റായ ധാരണയാണ്. അദ്ദേഹം ഒരു കത്തോലിക്കനാണ്, തൻ്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുക എന്നത് അദ്ദേഹത്തിൻ്റെ മതത്തിൻ്റെ ഭാഗമാണ്. അതിനർത്ഥം അദ്ദേഹം എല്ലാ ദിവസവും എന്നെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നല്ല,” ഉഷ വാൻസ് വ്യക്തമാക്കി.

ഭർത്താവിൻ്റെ രാഷ്ട്രീയ പ്രസ്താവനകളിൽ എപ്പോഴും ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ഉഷയാണ്. കാര്യങ്ങൾ ഒട്ടും മടിക്കാതെ മുഖത്തുനോക്കി തുറന്നു പറയുന്നതാണ് ഉഷയുടെ ശീലമെന്നും, തുടക്കം മുതൽ താൻ ഇഷ്ടപ്പെടുന്ന സ്വഭാവം ഇതാണെന്നും ജെഡി വാൻസ് കൂട്ടിച്ചേർത്തു.

കൺസർവേറ്റീവ് ആക്ടിവിസ്റ്റായ ചാർളി കിർക്ക് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വീട്ടിൽ നടന്ന ഒരു ചർച്ചയാണ് നാലാമതൊരു കുട്ടി കൂടി വേണമെന്ന തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്ന് ഉഷ വെളിപ്പെടുത്തി. “ഇപ്പോൾ കൂടെയുള്ള മൂന്ന് കുട്ടികളെ സ്നേഹിക്കുന്നത് പോലെ തന്നെ സ്നേഹിക്കാൻ മറ്റൊരു കുഞ്ഞിന് കൂടി ജന്മം നൽകുക എന്നത് ജീവിതത്തിൽ പിന്നീട് ഒരു ഖേദവും ഉണ്ടാക്കാതിരിക്കാൻ സഹായിക്കുമെന്ന് ജെഡിക്ക് തോന്നി,” അവർ പറഞ്ഞു. ആ കുട്ടി കൂടി വരുന്നതോടെ തങ്ങളുടെ കുടുംബം കൂടുതൽ പൂർണ്ണമാകുമെന്ന പ്രതീക്ഷയിലാണ് ഈ ദമ്പതികൾ.

Usha Vance opens up about her husband’s faith and their marriage

More Stories from this section

family-dental
witywide