
സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ വിവരങ്ങൾ പുറത്തുവന്നു. താൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധികാര ദുരുപയോഗം നടത്തി അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും പിണറായി വിജയന്റെ നേരിട്ടുള്ള സ്വാധീനത്തിലാണ് കപട ഇടപാടുകൾ നടന്നതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പിണറായി വിജയൻ, മകൾ വീണ, എക്സാലോജിക് കമ്പനി എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെയാണ് വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ച് ഈ വഴിവിട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എക്സാലോജിക്കും സി.എം.ആർ.എൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ് കരാർ ഒപ്പിട്ടിരുന്നതെന്നും കമ്പനി ഉടമ കർത്ത ആവശ്യപ്പെട്ട പ്രകാരമാണ് നടപടിയെന്ന് ജനറൽ മാനേജർ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രായോഗികമായി യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് 3.28 കോടി രൂപ നൽകിയതെന്നും, ഇതിനുപുറമേ രേഖകളൊന്നുമില്ലാതെ 50 ലക്ഷം രൂപ കൂടി വേറെ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. ഒരു കൺസൾട്ടൻസി സ്ഥാപനത്തിന്റെ മറവിൽ വീണയ്ക്ക് വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുക്കാനാണ് ഈ തുക നൽകിയതെന്നും എഫ്.ഐ.ആർ വ്യക്തമാക്കുന്നു.
മാസപ്പടി-ഹവാല ഇടപാടുകളിൽ ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് വിജിലൻസ് രണ്ടു കേസുകളിലായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഒന്നാമത്തെ കേസിലാണ് പിണറായി വിജയൻ ഒന്നാം പ്രതിയായിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാകുമ്പോൾ രണ്ടു കേസുകളിലും വീണ വിജയനാണ് രണ്ടാം പ്രതി.
Vigilance Files FIR Against Pinarayi Vijayan in CMRL-Exalogic Case; Details Emerge












