അമേരിക്കയിൽ ഡേകെയറിൻ്റെ മറവിൽ വിസ തട്ടിപ്പ്: ടെക്സസിലെ ഇന്ത്യൻ വംശജർ ഏറെയുള്ള മേഖലയിൽ വൻ ക്രമക്കേട് പുറത്ത്

ടെക്സസ്: ഡേകെയർ സെൻ്ററിൻ്റെ മറവിൽ വിദേശികൾക്ക് അനധികൃതമായി എച്ച്-1ബി വിസകൾ സംഘടിപ്പിച്ചു നൽകി ലക്ഷങ്ങൾ തട്ടുന്ന ‘പേ-ടു-പ്ലേ’ മാഫിയ ടെക്സസിൽ സജീവമെന്ന് റിപ്പോർട്ട്. നോർത്ത് ടെക്സസിലെ ‘അലൻ ഇൻഫൻ്റ് കെയർ സെൻ്റർ’ ഉടമ യുവാൻ യാവോയ്‌ക്കെതിരെയാണ് മാധ്യമപ്രവർത്തകയായ സാറാ ഗോൺസാലസ് തെളിവുകൾ സഹിതം രംഗത്തെത്തിയത്.

കുട്ടികളെ പരിപാലിക്കുന്ന ഡേകെയർ സെൻ്ററിലേക്ക് യാതൊരു ബന്ധവുമില്ലാത്ത തസ്തികകളിലാണ് ഇവർ വിസ സ്പോൺസർഷിപ്പ് നൽകിയിരിക്കുന്നത്. മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, സപ്ലൈ ചെയിൻ അനലിസ്റ്റ് തുടങ്ങിയ ഉയർന്ന തസ്തികകളിൽ 37-ലധികം വിസകളാണ് ഇവർ സംഘടിപ്പിച്ചത്. വിസ ലഭിക്കുന്നതിനായി ഓരോരുത്തരിൽ നിന്നും ഏകദേശം 20,000 ഡോളർ (ഏകദേശം 16 ലക്ഷത്തിലധികം രൂപ) വരെ ഉടമ വാങ്ങുന്നതായി വിസിൽ ബ്ലോവർ വെളിപ്പെടുത്തി.

തട്ടിപ്പിനായി ഗോൾഡൻ കി ഹോൾഡിംഗ്‌സ്, ഡിഎഫ്ഡബ്ല്യു എബിഎ സെൻ്റർ എന്നീ സ്ഥാപനങ്ങളെയും ഇയാൾ ഉപയോഗിച്ചിരുന്നു. അമേരിക്കയിലെത്തുന്ന തൊഴിലാളികൾക്ക് നിയമപ്രകാരം നൽകേണ്ട വേതനം നൽകാതെ, അവരെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്.

കോവിഡ് കാലത്ത് ബിസിനസ് സംരക്ഷിക്കാനായി നൽകിയ ഒരു ലക്ഷം ഡോളറിലധികം വരുന്ന പിപിപി ലോണുകൾ ഈ സ്ഥാപനങ്ങൾ കൈപ്പറ്റുകയും പിന്നീട് അത് എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്. വിസ സ്പോൺസർഷിപ്പ് നടപടികൾ നടക്കുമ്പോഴും ഡേകെയർ സെൻ്റർ പൂട്ടിക്കിടക്കുകയാണെന്നും അവിടെ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും സാറാ ഗോൺസാലസ് വീഡിയോയിലൂടെ കാണിക്കുന്നു.

മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഉടമ യുവാൻ യാവോ തയ്യാറായില്ല. തൻ്റെ പ്രവർത്തനങ്ങൾ നിയമപരമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കൂടുതൽ ചോദ്യങ്ങൾക്ക് അഭിഭാഷകനോട് സംസാരിക്കാനാണ് നിർദ്ദേശിച്ചത്. എച്ച്-1ബി നിയമപ്രകാരം തൊഴിലുടമകൾ സൂക്ഷിക്കേണ്ട രേഖകൾ ഹാജരാക്കാനും അദ്ദേഹം തയ്യാറായില്ല.

നോർത്ത് ടെക്സസിൽ ഇത്തരം ‘ഗോസ്റ്റ് ഓപ്പറേഷൻസ്’ അഥവാ വ്യാജ കമ്പനികൾ വഴി നടക്കുന്ന വിസ തട്ടിപ്പുകളെക്കുറിച്ച് ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ നിലവിൽ അന്വേഷണം നടത്തിവരികയാണ്. പുതിയ കണ്ടെത്തലുകൾ കൂടി ഫെഡറൽ അധികാരികൾക്ക് കൈമാറുമെന്ന് ഗോൺസാലസ് അറിയിച്ചു.

Visa fraud under the guise of daycare in the US

More Stories from this section

family-dental
witywide