
ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡലോടെ പുതിയ ദേശീയ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ വിത്യ രാംരാജ് ചരിത്രനേട്ടം സ്വന്തമാക്കി. ജപ്പാനിലെ നഗോയയിൽ നടന്ന ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് താരം വെങ്കലം നേടിയത്. ഈ മിന്നുന്ന പ്രകടനത്തോടെ മലയാളി താരം പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ചരിത്ര റെക്കോർഡ് പഴങ്കഥയാക്കാൻ വിത്യയ്ക്ക് സാധിച്ചു.
1984 ലെ ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡാണ് വിത്യ മറികടന്നത്. 2023 ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിന്റെ ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഓടിയെത്തി വിത്യ ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. ഇക്കുറി തകർപ്പൻ പ്രകടനത്തിലൂടെ ആ റെക്കോർഡ് തിരുത്തിക്കുറിച്ച വിത്യ, ഏഷ്യൻ അത്‌ലറ്റിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറി.
മത്സരത്തിൽ യു.എ.ഇയുടെ പതിനെട്ടുകാരിയായ മറിയം കരീം ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ (54.31 സെക്കൻഡ്) സ്വർണം നേടി. 55.88 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയ മറ്റൊരു ഇന്ത്യൻ താരമായ അനു രാഘവൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Vithya Ramraj Shatters PT Usha’s 42-Year-Old National Record, Bags Bronze in Asian Games 400m Hurdles













