ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് തോൽവി. വോട്ടെടുപ്പിൽ മലയാളി അത്‌ലീറ്റ് അഞ്ജു ബോബി ജോർജ്, മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ എന്നിവർ ഉൾപ്പെട്ട പാനലിലെ മുഴുവൻ പേരും വിജയിച്ചു. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ വനിതകളുടെ നാലു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉഷ ഉൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു വനിതാ പ്രതിനിധികൾ.
40 പുരുഷന്മാരും 40 വനിതകളുമടക്കം 80 എസ്ഒഎം അംഗങ്ങളുള്ള വോട്ടർ പട്ടികയിൽ നിന്നാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ പുരുഷ വിഭാഗത്തിലെ നാല് എസ്ഒഎം സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു എട്ടു സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് എസ്ഒഎം അംഗങ്ങളും ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകുന്നതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും സ്ഥാനാർഥികളാകാനും ഇവർക്ക് അർഹത ലഭിക്കും.
ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് ഇനി മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിക്കേണ്ടതുണ്ട്. എന്നാൽ അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധിയായി ഉഷ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന. ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്ഒഎം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. 2022-ൽ എസ്ഒഎം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
അതിനിടെ, എസ്ഒഎം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പര ആരോപണങ്ങളും പരാതികളും ഉയർന്നുവന്നു. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി ‘ന്യൂ ഭാരത് പാനലി’നായി വാട്സാപ് വഴി വോട്ട് അഭ്യർത്ഥിച്ച് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പി.ടി. ഉഷ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് പരാതി നൽകി. അതേസമയം, ഐഒഎ പ്രസിഡന്റായ ഒരു സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ഐഒഎ സംവിധാനങ്ങൾ ഉപയോഗിച്ച് ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് കാണിച്ച് ഭാരോദ്വഹന താരം സതീഷ് ശിവലിംഗവും തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.













