മിഡിൽ ഈസ്റ്റിൽ സൈബർ യുദ്ധം കടുക്കുന്നു; വിവരങ്ങൾ ചോർത്തുക ലക്ഷ്യം, യുഎഇക്ക് നേരെ പ്രതിദിനം അഞ്ച് ലക്ഷം ആക്രമണങ്ങളെന്ന് റിപ്പോർട്ട്

ദുബായ്: ഇസ്രായേലിനും അമേരിക്കയ്ക്കും എതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളുടെ ആഘാതം നേരിട്ട രാജ്യങ്ങളിൽ പ്രധാനിയായ യുഎഇക്ക് നേരെ, അദൃശ്യവും എന്നാൽ അപകടകരവുമായ സൈബർ ആക്രമണങ്ങൾ വർദ്ധിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി. യുദ്ധം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ സൈബർ ആക്രമണങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി യുഎഇ ഗവൺമെന്റ് സൈബർ സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് അൽ കുവൈത്തി ഔദ്യോഗിക മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ഇറാൻ അനുകൂല സംഘങ്ങളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ പ്രതിദിനം അഞ്ച് ലക്ഷം വരെയായി ഉയർന്നു. പ്രധാനമായും രാജ്യത്തെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കങ്ങൾ.

യുദ്ധം ആരംഭിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടെങ്കിലും, രാജ്യത്തിന് പുറത്തുള്ള ഇറാൻ അനുകൂല കേന്ദ്രങ്ങളിൽ നിന്ന് സൈബർ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി ആളുകൾക്ക് വ്യാജ ലിങ്കുകൾ അടങ്ങിയ ഫിഷിംഗ് മെയിലുകൾ അയക്കുകയും പിന്നീട് ഇത് വലിയ തോതിലുള്ള നശീകരണ പ്രവർത്തനങ്ങളിലേക്ക് മാറുകയും ചെയ്തു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാനും അതിന്റെ സഖ്യകക്ഷികളും പന്ത്രണ്ടോളം അമേരിക്കൻ സൗഹൃദ രാജ്യങ്ങൾക്ക് നേരെ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. എന്നാൽ നേരിട്ടുള്ള യുദ്ധത്തേക്കാൾ ഉപരിയായി, സൈബർ ഇടങ്ങളിലും വിവരസാങ്കേതിക മേഖലകളിലും ഇറാൻ നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധമാണ് മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നത്. നിശബ്ദമായ ഈ പോരാട്ടം മിഡിൽ ഈസ്റ്റിലെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

More Stories from this section

family-dental
witywide