അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി തങ്ങളുടെ കർശന നിലപാടുകൾ മധ്യസ്ഥരായ പാകിസ്താനെ അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. യുദ്ധം അവസാനിക്കേണ്ടത് അമേരിക്കയുടെ നിബന്ധനകൾക്കനുസരിച്ചാകരുത് എന്നും, ഇറാന്റെ താൽപ്പര്യങ്ങൾക്കും നിബന്ധനകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്നും പ്രതിനിധി സംഘം അറിയിച്ചു. യുദ്ധ ചർച്ചകൾക്ക് പുറമെ പ്രാദേശിക സഹകരണത്തെക്കുറിച്ചും ഇരുരാജ്യങ്ങളും സംസാരിച്ചു.
ഇറാൻ സംഘം പാകിസ്താനിൽ തുടരുന്നതിനിടെ യുഎസ് പ്രതിനിധികളും ഇസ്ലാമാബാദിലേക്ക് തിരിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. നേരിട്ടുള്ള ചർച്ചകളുടെ കാര്യത്തിൽ ഇറാൻ ഇപ്പോഴും വൈമുഖ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പാകിസ്താന്റെ മധ്യസ്ഥതയിൽ അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, സമാധാന നീക്കങ്ങൾക്കിടയിലും അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ സായുധ സേന രംഗത്തെത്തിയിട്ടുണ്ട്.
നാവിക ഉപരോധം തുടർന്നാൽ കടുത്ത പ്രതിരോധം നേരിടേണ്ടി വരുമെന്ന് ഇറാൻ പ്രതിരോധ സേന പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഇറാൻ സൈന്യം മുമ്പത്തേക്കാൾ സജ്ജമാണെന്നും ഇറാന്റെ ആക്രമണശേഷി അമേരിക്കൻ സൈന്യം ഇതിനകം അനുഭവിച്ചതാണെന്നും പ്രസ്താവന ഓർമ്മിപ്പിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോഴും തങ്ങളുടെ സൈനിക കരുത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
War must end on our terms, Iran tells Pakistan as US delegation arrives













